അറഫാത്ത്: ഹജ്ജിന്റെ പ്രധാന കർമ്മമായ അറഫാ സംഗമം ഇന്ന് നടക്കുമ്പോൾ അറഫാത്ത് മൈതാനിയും ഇവിടുത്തെ ഏക പള്ളിയുമായി നമിറ പള്ളിയും ഇന്ന് വീണ്ടും സജീവമാകും. ഹാജിമാർ ഒരേ വസ്‌ത്രവും, ഒരേ മന്ത്രധ്വനിയും ഒരേ ലക്ഷ്യവുമായി അറഫയിൽ സമ്മേളിക്കുമ്പോൾ ഇതിനെ അനുസ്‌മരിച്ചു കൊണ്ട് വിശ്വാസികൾ നോമ്പെടുത്തും ഇവരുടെ ഭാഗമാകും. ശാന്തമായി കിടന്നിരുന്ന അറഫാത്ത് ഇന്ന് വീണ്ടും ഇലാഹീ സമരണകളിൽ പുളകിതമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മുപ്പത് ലക്ഷത്തോളം ഹാജിമാർ പങ്കെടുക്കുന്ന വിശുദ്ധ ഹജ്ജിൽ ഈ വർഷം വെറും അറുപതിനായിരം പേർ മാത്രമാണ് പങ്കെടുക്കുന്നത്. അതിനാൽ തന്നെ പ്രവിശാലമായ അറഫാത്തിന്റെ മണ്ണിന് ഇത് അൽപം നോവായി മാറും. ഹാജിമാര്‍ കറുത്തവനെന്നോ, വെളുത്തവനെന്നോ, പണക്കാരനെന്നോ, പാവപെട്ടവനെന്നോ നോക്കാതെ തോളോട് തോൾ ചേർന്ന് നിന്ന് നാഥനിലേക്ക് കയ്യുയർത്തി അറഫയില്‍ സംഗമിക്കും.
ഹജ്ജിന്റെ മർമ്മ പ്രധാന ചടങ്ങ് നടക്കുന്ന അറഫാത്ത് മൈതാനവും നമിറ പള്ളിയും എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയാക്കി പൂർണ്ണ സജ്ജമാണ്. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിൽ അബാസിയ ഭരണകൂടമാണ് നമിറ പള്ളി നിർമ്മിച്ചത്. ഏറ്റവും ഒടുവിൽ 237 മില്യൺ റിയാൽ ചിലവഴിച്ചു നിലവിലെ സഊദി ഭരണകൂടമാണ് ഇത് പുതുക്കി പണിതത്. 340 മീറ്റർ നീളവും 240 മീറ്റർ വീതിയുമുള്ള നമിറ പള്ളിയുടെ മുൻഭാഗം മുസ്‌ദലിഫയിലും പിറകു ഭാഗം അറഫയിലുമാണ് സ്ഥിതി ചെയ്യുന്നത്. ആറു മിനാരങ്ങളിൽ ഓരോന്നിനും അറുപതു മീറ്ററാണ് നീളം. 10 പ്രധാന കവാടങ്ങളും 64 ചെറുകവാടങ്ങളും അടങ്ങുന്നതാണ് നമിറ പള്ളി.ഒരു ലക്ഷത്തി ഇരുപതിനാലായിരം ചതുരശ്ര അടി വിസ്‌തീർണമുള്ള പള്ളിയിൽ മൂന്നര ലക്ഷം ഹാജിമാർക്ക് ഒരേ സമയം നിസ്‌കരിക്കാനുള്ള സൗകര്യമാണുള്ളത്. പക്ഷെ, അറഫ സംഗമം പ്രവൃത്തി പഥത്തിൽ കൊണ്ട് വരാൻ അറഫ മൈതാനിയുടെ എവിടെയെങ്കിലും ഒന്നു കാൽ കുത്തിയാൽ മതിയാകും. പ്രവാചകൻ നടത്തിയ വിടവാങ്ങൽ പ്രസംഗത്തെ അനുസ്‌മരിപ്പിച്ചാണ് ഇവിടെ ഇന്ന് ദുഹ്ർ നിസ്കാര ശേഷം ഖുതുബ നിർവ്വഹിക്കുക.
ഇബ്‌റാഹീം പള്ളിയെന്നപേരും അറഫ പള്ളിയെന്ന നാമവും ഇതിനുണ്ടെകിലും നമിറ മലഞ്ചെരുവിലാണ് ഇതെന്നതിലാണ് നമിറ പള്ളിയെന്ന പേര് ലഭിക്കാൻ കാരണം. അറഫാത്തിലെ മറ്റൊരു പ്രധാന കേന്ദ്രമാണ് ജബലു റഹ്‌മ. കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന ഇവിടെ വെച്ചാണ് പ്രവാചകന്‍ അറഫ പ്രഭാഷണം നടത്തിയത്. പ്രാർത്ഥനക്ക് ഏറെ ഉത്തരം ലഭിക്കുന്ന ഇവിടങ്ങളിൽ കയറിക്കൂടാൻ വിശ്വാസികളുടെ ആഗ്രഹമാണ്. വിശാലമായ അറഫാത്ത് മൈതാനിയില്‍ തീര്‍ഥാടകര്‍ക്ക് സ്ഥിരം തമ്പുകള്‍ ഇല്ല. താത്കാലിക തമ്പുകളും മരങ്ങളുടെ തണലുകളുമാണ് ഹാജിമാര്‍ക്ക് ആശ്വാസം പകരുക . അറഫാത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറ് കണക്കിന് മരങ്ങളാണ് നട്ടുപിടിപ്പിച്ചത്. നമ്മുടെ സ്വന്തം വേപ്പ് മരങ്ങള്‍ വ്യാപകമായി അറഫയില്‍ കാണാം. വളര്‍ച്ച പ്രാപിക്കാന്‍ കുറഞ്ഞ വെള്ളം മാത്രം മതിയായതിനാണ് വേപ്പ് കൂടുതല്‍ ഇടം നേടിയത്. ഇന്ത്യയില്‍ നിന്ന് എത്തിച്ചാണ് ഇത് നട്ടുവളര്‍ത്തിയതെന്ന് പറയപ്പെടുന്നു.