യു എ ഇ പിന്മാറി, ഇസ്റാഈലിന് വൻ നഷ്ടം; ഇസ്റാഈൽ ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കം, കാരണം ഇതാണ്

0
5239

ദുബൈ: പലസ്തീനുമായുള്ള യുദ്ധം സാമ്പത്തികമായി ഇസ്റാഈലിന് വലിയ തിരിച്ചടികളാണ് സമ്മാനിക്കുന്നത്. ചരക്കു കടത്ത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയ പിന്നാലെ ഇസ്റാഈലുമായുള്ള നിക്ഷേപ പദ്ധതികളില്‍ നിന്ന് പ്രമുഖ രാജ്യങ്ങളും കമ്പനികളും പിന്മാറുകയാണ്. മിസൈലുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും വേണ്ട യുദ്ധ ചെലവ് ഇരട്ടിയായതിന് പിന്നാലെയാണ് മറ്റു നഷ്ടങ്ങള്‍.

ബ്രിട്ടന്റെ ഓയില്‍ കമ്പനിയായ ബിപിയും യുഎഇയുടെ അഡ്‌നോക്കും ചേര്‍ന്ന് ഇസ്റാഈലിലെ പ്രമുഖ പ്രകൃതി വാതക കമ്പനിയായ ന്യൂസ്‌മെഡ് എനര്‍ജിയുടെ പകുതി ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കുറച്ച് കാലമായി നടന്നുവരികയാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഓഹരി വാങ്ങേണ്ടെന്ന് ഇരു കമ്പനികളും തീരുമാനിച്ചുവെന്നാണ് വാര്‍ത്ത.

200 കോടി ഡോളറിന്റെ പദ്ധതിയില്‍ നിന്നാണ് യുഎഇ പിന്മാറിയിരിക്കുന്നത്. ഗാസയില്‍ ഇസ്റാഈൽ നടത്തുന്ന ആക്രമണം തുടരുകയാണ്. ഇസ്രായേലിനെതിരായ വികാരം പശ്ചിമേഷ്യയില്‍ മൊത്തമുണ്ട്. ഇസ്റാഈലുമായി ബന്ധമുള്ള പല സ്ഥാപനങ്ങളും ബഹിഷ്‌കരിക്കാന്‍ അറബ് രാജ്യങ്ങളില്‍ ആഹ്വാനവും നിലനില്‍ക്കുന്നു. ഈ വേളയില്‍ പുതിയ കരാര്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പിന്മാറ്റത്തിന് കാരണം.

രാഷ്ട്രീയ സാഹചര്യം മാറിയാല്‍ വീണ്ടും ചര്‍ച്ച തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ധാരണകളൊന്നുമില്ലത്രെ. അതുകൊണ്ടുതന്നെ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഇസ്രായേല്‍ കമ്പനിയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിനോട് ബിപിയോ അഡ്‌നോക്കോ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത പുറത്തുവന്ന പിന്നാലെ ന്യൂമെഡ് എനര്‍ജിയുടെ ഓഹരി ഏഴ് ശതമാനം ഇടിഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ ബിസിനസ് ആരംഭിക്കാന്‍ വന്‍കിട കമ്പനികള്‍ മടിക്കുകയാണ്. സ്റ്റാര്‍ബക്‌സ്, മക് ഡൊണാള്‍ഡിന്റെ കെഎഫ്‌സി, പിസ ഹട്ട് എന്നിവയെല്ലാം ബഹിഷ്‌കരണ ഭീഷണി നേരിടുന്നുണ്ട്. ഗാസയില്‍ ഇസ്റാഈൽ നടത്തുന്ന ആക്രമണത്തെ ഈ കമ്പനികള്‍ പിന്തുണയ്ക്കുന്നതാണ് ബഹിഷ്‌കരണത്തിന് കാരണം.

യുഎഇ കമ്പനികള്‍ അടുത്ത കാലത്താണ് ഇസ്രായേലുമായി സഹകരിക്കാന്‍ തുടങ്ങിയത്. 2020ല്‍ യുഎഇയും ഇസ്റാഈലും അമേരിക്കയുടെ മധ്യസ്ഥതയില്‍ അബ്രഹാം കരാര്‍ ഒപ്പുവച്ചിരുന്നു. ഇസ്റാഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതായിരുന്നു കരാര്‍. ഇതോടെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമായി യുഎഇ. തൊട്ടുപിന്നാലെ ബഹ്‌റൈനും ബന്ധം സ്ഥാപിച്ചു.

നിലവില്‍ ഇസ്റാഈലിലേക്കുള്ള ചരക്കു കപ്പലുകള്‍ യമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമിക്കുന്നുണ്ട്. ഇതോടെ ചരക്കു കപ്പലുകള്‍ ഇന്‍ഷുറന്‍സ് തുക കുത്തനെ ഉയര്‍ത്തിയത് ചരക്കു കൂലി വര്‍ധനവിന് കാരണമായി. മാത്രമല്ല, ആഫ്രിക്കയിലൂടെ വളഞ്ഞ വഴിക്കാണ് ഇപ്പോള്‍ ഇസ്രായേലിലേക്ക് ചരക്കുകള്‍ എത്തുന്നത്. ഇതും ചെലവ് വര്‍ധിപ്പിച്ചു. ഇതിനിടെയാണ് ബഹുരാഷ്ട്ര കമ്പനികള്‍ ഇസ്റാഈലുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങുന്നത്.