ഗാസയില്‍ രക്തസാക്ഷികളെ അടക്കിയ ഖബർസ്ഥാനുനേരെയും ഇസ്റാഈൽ ബോംബിട്ടതായി റിപ്പോര്‍ട്ട്

0
1394

ഗസ്സ സിറ്റി: അടിയന്തര താൽക്കാലിക വെടിനിർത്തൽ അനിവാര്യമെന്ന് വ്യക്തമാക്കി​ അമേരിക്ക. ഗാസയിൽ സഹായം എത്തിക്കാൻ വിവിധ രാജ്യങ്ങളുമായി ചേർന്നുള്ള ഏകോപനത്തിന്​ മുന്നിട്ടിറങ്ങുമെന്നും വൈറ്റ്​ ഹൗസ്​ അറിയിച്ചിട്ടുണ്ട്. അതിനിടെ, ഗാസയില്‍ രക്തസാക്ഷികളെ അടക്കിയ ഖബർസ്ഥാനുനേരെയും ഇസ്രായേല്‍ ബോംബിട്ടതായി റിപ്പോര്‍ട്ടുണ്ട്. കെയ്റോയിലേക്ക്​ ചർച്ചയ്ക്കായി സംഘത്തെ അയക്കേണ്ടതില്ലെന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ്​ ഇസ്രായേൽ.

ഉപാധികൾക്ക്​ വിധേയമായുള്ള വെടിനിർത്തലിന്​ ഒരുക്കമാണെന്ന്​ ഹമാസ്​ വ്യക്തമാക്കിയിട്ടുണ്ട്. അറസ്​റ്റിലായ ഏതാനും ഫലസ്​തീൻ സ്​ത്രീകൾക്കുനേരെ ഇസ്രായേല്‍സേന ലൈംഗികാതിക്രമം നടത്തിയതായി വിവരം ലഭിച്ചതായി​ യു.എൻ സംഘം വെളിപ്പെടുത്തിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ മൂന്ന്​ ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലബനാൻ അധികൃതരും അറിയിച്ചു.

150 നാൾ നീണ്ട യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,500 കടന്നിരിക്കെ, ഗസ്സയിലെ സ്​ഥിതിഗതികൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. പട്ടിണിമൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ്​ യു.എൻ മുന്നറിയിപ്പ്. വടക്കൻ ഗസ്സയിലേക്ക്​ ഭക്ഷണ സഹായം ഉറപ്പാക്കാൻ ഇസ്രായേൽ വിസമ്മതിക്കെ, ഏഴു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ അതിജീവനം അസാധ്യമായി മാറുമെന്നും റിപ്പോര്‍ട്ടുണ്ട്​.

താൽക്കാലിക വെടിനിർത്തൽ ഒട്ടും വൈകരുതെന്നാണ് യു.എസ് വൈസ്​ പ്രസിഡന്‍റ്​ കമലാ ഹാരിസ്​ ആവശ്യപ്പെട്ടത്. കടൽമാർഗം ഗസ്സയിലേക്ക്​ കൂടുതൽ സഹായം ഉറപ്പാക്കാൻ മറ്റു രാജ്യങ്ങളുമായി ചേർന്ന്​ പദ്ധതിക്ക്​ രൂപംനൽകുമെന്നും അമേരിക്ക അറിയിച്ചു. ഇസ്രായേൽ മന്ത്രി ഗാൻറ്​സുമായി നാളെ യു.എസ്​ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ നടത്തുന്ന ചർച്ചയിൽ ഗസ്സക്കുള്ള സഹായം പ്രധാന അജണ്ടയാകുമെന്ന്​ വൈറ്റ്​ ഹൗസ്​ വക്​താവ്​ അറിയിച്ചു. ഇസ്രായേലിനുള്ള സൈനിക സഹായവും ചർച്ചയാകും. ​