സഊദി ആരോഗ്യ മന്ത്രാലയ രജിസ്ട്രേഷനിലും മുഖീമിലും പുതിയ രണ്ടു വാക്സിനുകൾ കൂടി ഇടം പിടിച്ചു

കൊവാക്സിനും അംഗീകാരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷ

0
2416

റിയാദ്: സഊദി പ്രവാസികൾക്ക് “തവക്കൽന”യുമായി ബന്ധിപ്പിക്കാനുള്ള ആരോഗ്യ മന്ത്രാലയ സൈറ്റിലും സഊദിയിലേക്ക് വരുമ്പോൾ രജിസ്റ്റർ ചെയ്യാനുള്ള മുഖീം സൈറ്റിലും രണ്ടു വാക്സിനുകൾ കൂടി ഇടം നേടി. നേരത്തെ സഊദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച നാല് വാക്സിനുകൾക്ക് പുറമെയാണ് രണ്ടു പുതിയ വാക്സിനുകൾ കൂടി ഇടം നേടിയത്. ചൈനയുടെ സിനോഫാം, സിനോവാക് എന്നീ രണ്ട് വാക്സിനുകളാണു രണ്ട് സൈറ്റിലും പുതുതായി ഇടം പിടിച്ചത്.

തവക്കൽനയിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്ട്രേഷനായി കയറുന്ന ഘട്ടത്തിൽ സ്വീകരിച്ച് വാക്സിൻ തിരഞ്ഞെടുക്കുന്ന കോളത്തിൽ സിനോഫാം, സിനോവാക് വാക്സിനുകൾ ഇപ്പോൾ ചേർത്തിട്ടുണ്ട്. തവക്കൽന അപ്‌ഡേറ്റ് ചെയ്യുന്ന അവസരത്തിൽ ഏത് വാക്സിനാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. ഇവിടെയാണ് ചൈനയുടെ രണ്ടു വാക്സിനുകൾ കൂടി ചേർത്തിരിക്കുന്നത്.

എന്നാൽ, മുഖീമിൽ ഈ രണ്ട് വാക്സിനുകളൂം കാണാൻ സാധിക്കുന്നുണ്ടെങ്കിലും ഈ രണ്ടു വാക്‌സിനോടൊപ്പം നേരത്തെ അംഗീകരിച്ച നാല് വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ ഒരു ഡോസ് കൂടെ സ്വീകരിക്കണമെന്നാണ് കരുതുന്നത്. നാലു വാക്സിനുകളിൽ ഏതെങ്കിലും ഒന്നു കൂടെ സ്വീകരിച്ചവർക്ക് രജിസ്റ്റർ ചെയ്യാനുള്ള
ഓപ്‌ഷനാണ് കാണുന്നത്. അതെസമയം, ചൈനയുടെ ഈ രണ്ടു വാക്സിനുകളും അംഗീകരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയമോ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയോ പ്രഖ്യാപിച്ചിട്ടില്ല. 

ചൈനീസ് വാക്സിൻ സഊദി ആരോഗ്യ മന്ത്രാലയത്തിൽ ഇടം നേടിയത് ഇന്ത്യൻ പ്രവാസികൾക്കും പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യയുടെ കൊവാക്സിനും ഇത്തരത്തിൽ ഒരു അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ തീരുമാനം കൂടി വരികയാണെങ്കിൽ നേരത്തെ ഇന്ത്യയിൽ നിന്നും കൊവാക്സിൻ സ്വീകരിച്ച ആയിരക്കണക്കിന് പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും. നിലവിൽ ഇത്തരക്കാർ സഊദിയിലെ എത്തിയ ശേഷം വേറെ വാക്സിൻ എടുക്കേണ്ട അവസ്ഥയിലാണ്. ആറാഴ്ചക്കുള്ളിൽ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുമെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ വിവിധ ലോക രാജ്യങ്ങളും ഇതിനു അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷ.

“സഊദിക്ക് പുറത്ത് നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ‘തവക്കൽന”യിൽ അപ്‌ഡേറ്റ് ചെയ്യാം, ഘട്ടങ്ങൾ അറിയാം”