അബുദാബി: യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 900 തടവുകാരെ മോചിപ്പിക്കുന്നതിനായി 10 ലക്ഷം ദിര്‍ഹം (2.25 കോടി ഇന്ത്യന്‍ രൂപ) സംഭാവന നല്കി ഇന്ത്യന്‍ വ്യവസായി.
ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ ഫിറോസ് മെര്‍ച്ചന്റാണ് തുക സംഭാവന നല്‍കിയത്. പ്യുവര്‍ ഗോള്‍ഡ് ജുവലേഴ്സിന്റെ ഉടമയാണ് ഫിറോസ് മെര്‍ച്ചന്റ്.
‘ദി ഫോര്‍ഗോട്ടന്‍ സൊസൈറ്റി’ എന്ന പേരില്‍ 66കാരനായ മെര്‍ച്ചന്റ് തുടക്കമിട്ട പദ്ധതി കഴിഞ്ഞ വര്‍ഷങ്ങളിലായി 20,000 തടവുകാരുടെ മോചനത്തിനും വഴിയൊരുക്കിയിരുന്നു. 2024 ൻറെ തുടക്കം മുതൽ യുഎഇയിലുടനീളമുള്ള 900 തടവുകാരെ മോചിപ്പിക്കുന്നതിൽ ഇദ്ദേഹം ഇതിനകം തന്നെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ഇതില്‍ 495 തടവുകാര്‍ അജ്മാനില്‍ നിന്നും 170 പേര് ഫുജൈറയില്‍ നിന്നും 12 പേര് ദുബൈയില്‍ നിന്നുമാണ്. 69 പേര് ഉമ്മുല്‍ഖുവൈനില്‍ നിന്നും 28 പേര് റാസല്‍ഖൈമ ജയിലുകളില്‍ നിന്നുമുള്ള തടവുകാരാണ്. തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത മെര്‍ച്ചന്റ് ഇവര്‍ക്ക് നാട്ടിലേക്കുള്ള വിമാന ടിക്കറ്റും നല്കി. 2024ല്‍ 3,000 തടവുകാരുടെ മോചനം സാധ്യമാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.




