ലഖ്‌നോ: ഗ്യാന്‍വാപി മസ്ജിദില്‍ പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. നിലവറയില്‍ പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ല കോടതി ഉത്തരവിനെതിരെ പള്ളി നിയന്ത്രിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നാലുദിവസത്തെ വിശദവാദം 15ന് പൂര്‍ത്തിയായ ശേഷമാണ് ഇന്ന് ഹരജി പരിഗണിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പള്ളിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന നിലവറ 1993 മുതല്‍ തങ്ങളുടെ അധീനതയിലാണെന്നും വ്യാസ് കുടുംബത്തിനോ മറ്റാര്‍ക്കെങ്കിലുമോ അവകാശവാദം ഉന്നയിക്കാനും ആരാധന നടത്താനും കഴിയില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്.
30 വര്‍ഷമായി അവിടെ പൂജ നടന്നിരുന്നില്ല. ഇപ്പോള്‍ കോടതി റിസീവറെ നിയമിച്ചതിനും തല്‍സ്ഥിതിയില്‍ മാറ്റം വരുത്തിയതിനും മതിയായ കാരണമില്ലെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, 1993ന് ശേഷവും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സി.ആര്‍.പി.എഫ് ഏറ്റെടുക്കുംവരെ നിലവറയില്‍ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദുപക്ഷം വാദിച്ചത്.
അതേസമയം, കീഴ്‌ക്കോടതി വിധിയെ ഉയര്‍ത്തിപ്പിടിച്ചായിരുന്നു അഭിഭാഷകരായ ഹരി ശങ്കര്‍ ജെയിന്‍, വിഷ്ണു ശങ്കര്‍ ജെയിന്‍ എന്നിവര്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. 1993 വരെ ഗ്യാന്‍വാപി പള്ളിയിലെ ഒരുഭാഗത്ത് ഹിന്ദുക്കള്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു എന്നാണ് ഹിന്ദു ഭാഗം പ്രധാനമായും വാദിക്കുന്നത്. എന്നാല്‍ ഇതിന് കൃത്യമായ രേഖകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
ജനുവരി 31നാണ് ഗ്യാന്‍വാപി മസ്ജിദിലെ സീല്‍ ചെയ്ത നിലവറകളില്‍ തെക്കുഭാഗത്തുള്ള ‘വ്യാസ് കാ തഹ്ഖാന’ എന്നറിയപ്പെടുന്ന നിലവറയില്‍ ഹിന്ദുക്കള്‍ക്ക് പൂജ ചെയ്യാന്‍ അനുവാദം നല്‍കി വരാണസി ജില്ല കോടതി ഉത്തരവിട്ടത്. മസ്ജിദില്‍ പൂജക്ക് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദുവിശ്വാസികളായ നാല് സ്ത്രീകള്‍ ഹരജി നല്‍കിയിരുന്നു. ഇത് അംഗീകരിച്ചായിരുന്നു കോടതി വിധി.
ഗ്യാന്‍വാപിയിലെ നിലവറയില്‍ ശൃംഗാര്‍ ഗൗരിയെയും മറ്റ് ദൃശ്യവും അദൃശ്യവുമായ ദേവതകളെ ആരാധിക്കണമെന്ന് ആവശ്യപ്പെട്ട് ശൈലേന്ദ്ര കുമാര്‍ പതക് വ്യാസ് നല്‍കിയ ഹര്‍ജിയായിരുന്നു ജില്ലാ കോടതി ജഡ്ജി അനുവദിച്ചത്. ഉത്തരവിന് തൊട്ടുപിന്നാലെ വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് എംഎസ് രാജലിംഗവും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മസ്ജിദ് സമുച്ചയത്തില്‍ പ്രവേശിച്ച് രണ്ട് മണിക്കൂറോളം ചെലവഴിച്ചിരുന്നു. അന്നുതന്നെ പൂജയും ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 17ന് ജില്ലാ മജിസ്‌ട്രേറ്റിനെ ഗ്യാന്‍വാപി പള്ളിയില്‍ റിസീവറായി നിയമിച്ചതിന് പിന്നാലെ പള്ളി സമുച്ചയത്തിന്റെ തെക്കന്‍ നിലവറ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




