ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് സന്ദർശക വിസ; പ്രതീക്ഷയിൽ സഊദി പ്രവാസികൾ

അനുകൂല ഘടകങ്ങൾ നിരവധി

0
4590

ദമാം: ഖത്തറിലേക്ക് വാക്‌സിനെടുത്ത ഇന്ത്യക്കാർക്ക് സന്ദർശക വിസയിലടക്കം പ്രവേശനം അനുവദിക്കുമെന്ന തീരുമാനം വന്നതോടെ ഇതുപയോഗപ്പെടുത്താനാകുമെന്ന പ്രതീക്ഷയിൽ സഊദി പ്രവാസികൾ. നിലവിൽ വിവിധ രാജ്യങ്ങൾ ചുറ്റിത്തിരിഞ്ഞ് കഷ്ടതകൾ സഹിച്ചാണ് സഊദിയിലേക്ക് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ എത്തിച്ചേരുന്നത്. എന്നാൽ, ജിസിസി രാജ്യമായ ഖത്തറിലേക്ക് ഇന്ത്യൻ സന്ദർശക വിസക്കാർക്ക് കൂടി പ്രവേശനം നൽകുമെന്ന പ്രഖ്യാപനം വന്നതോടെ ഈ വഴി സഊദി പ്രവേശന സാധ്യത തുറന്നിരിക്കുകയാണ്.

നിലവിൽ ഖത്തറിൽ നിന്ന് സഊദിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. കര മാർഗ്ഗവും വ്യോമ മാർഗ്ഗവും സഊദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം. ഇതോടൊപ്പം ഖത്തറിലേക്ക് സന്ദർശക വിസ ലഭ്യമാകുകയും ചെയ്യുന്നതോടെ ഖത്തറിലെത്തി സഊദിയിലേക്ക് കര, വ്യോമ മാർഗ്ഗങ്ങൾ വഴി പ്രവേശിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് സഊദി പ്രവാസികൾ. ഖത്തറിലേക്ക് വിസിറ്റിംഗ് വിസയിൽ പോയി 14 ദിവസം കഴിഞ്ഞ് സൗദിയിലേക്ക് പോകൽ വളരെ എളുപ്പമാണെന്നതാണു വലിയ പ്രതീക്ഷ നൽകുന്നത്.

അതോടൊപ്പം വാക്സിനെടുത്തവർക്ക് ഖത്തറിൽ ഹോട്ടൽ ക്വാറൻ്റീൻ ആവശ്യമില്ലെന്നത് ചെലവ് കുറക്കുന്നതിനും സഹായകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഖത്തർ വഴി സഊദിയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമോ എന്ന് വരും ദിവസങ്ങളിൽ ഉറപ്പിക്കാനാകും.

നിലവിൽ സഊദി അംഗീകരിച്ച ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, ഓക്‌സ്‌ഫോർഡ് ആസ്ത്രാസെനിക കൊവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനുകൾ തന്നെയാണ് ഖത്തറും അംഗീകരിച്ചിരിക്കുന്നതും എന്നതും അനുകൂല ഘടകമാണ്. ഇതിനു പുറമെ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കും ഉപാധികളോടെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ രണ്ടു വാക്‌സിനുകൾ എടുത്തവർ ഖത്തറിലെത്തിയാല്‍ ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാകരണം. ആന്റിബോഡി പോസിറ്റീവ് ആയാല്‍ ക്വാറന്റീന്‍ ആവശ്യമില്ല. നെഗറ്റീവ് ആണെങ്കില്‍ വരുന്ന രാജ്യത്തിന് അനുസരിച്ചുള്ള ക്വാറന്റീന്‍ നിയമങ്ങള്‍ ബാധകമാണ്.