നഷ്ടപ്പെട്ട ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി പുനര്‍നിര്‍മ്മിക്കുന്ന ഒരാളാണ് ഓസ്‌ട്രേലിയക്കാരായ മുങ്ങല്‍ വിദഗ്ദന്‍ മാറ്റ് കുഡിഹി. കഴിഞ്ഞ വേനല്‍ക്കാലത്ത് ക്വീൻസ്‌ലാൻഡ് തീരത്ത് നിന്നും മാറ്റ് കുഡിഹി കണ്ടെത്തിയ ഒരു റോളക്സ് വാച്ച് ഏവരെയും അത്ഭുതപ്പെട്ടുത്തി. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം കടലില്‍ കിടന്നിട്ടും അതിന്‍റെ സെക്കന്‍റ് സൂചിയുടെ ചലനം നിലച്ചില്ലായിരുന്നു.
കടലിന് അടിയില്‍ കിടന്നതിനാൽ വാച്ചിന് മുകളില്‍ പായലുകള്‍ പറ്റിപ്പിടിച്ചിരുന്നു. തുരുമ്പെടുത്ത് തുടങ്ങിയ വാച്ച് ഏതാണ്ട് മുഴുവനും മണലില്‍ മൂടിയ നിലയിലായിരുന്നു. എന്നാല്‍ കടലില്‍ നിന്നും കണ്ടെത്തുമ്പോഴും അതിന്‍റെ സെക്കന്‍റ് സൂചിയുടെ ചലനം മാത്രം നിലച്ചിരുന്നില്ല. മാറ്റ് കുഡിഹി, സമയം നിലയ്ക്കാത്ത ആ വാച്ചിന്‍റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ തീരുമാനിച്ചു.
അതിന് മുമ്പ് അദ്ദേഹം വാച്ച് വൃത്തിയാക്കി നന്നാക്കിയെടുത്തു. വാച്ചിനെ കുറിച്ചുള്ള ഓരോ വിവരങ്ങളും അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അപ്പപ്പോള്‍ പങ്കുവച്ചു. watchesofespionage എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ 2023 ജൂലൈ 8 ന് വാച്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു ആളുകള്‍ ആവേശത്തോടെ ആ കുറിപ്പുകള്‍ വായിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ റോളാക്സ് വാച്ച് താരമായി. അങ്ങനെ മാറ്റ് കുഡിഹി, റോയൽ ഓസ്‌ട്രേലിയൻ നേവിയിൽ ഒരിക്കൽ സേവനമനുഷ്ഠിച്ച റിക്ക് ഔട്ട്രിമിനെ കണ്ടെത്തി. റിക്കിന്‍റെ ഒരു വിനോദയാത്ര കാലത്ത് കടലില്‍ നഷ്ടപ്പെട്ടതായിരുന്നു ആ റോളക്സ് വാച്ച്.




