സഊദിയിൽ നിയമ ലംഘകർക്ക് പിഴയും പ്രവേശന വിലക്കും കൂടാതെ നാട്ടിലേക്ക് പോകാം; ഇളവ് പ്രയോജനപ്പെടുത്തണമെന്ന് സാമൂഹ്യ പ്രവർത്തകർ

നവയുഗം ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു

0
2865

ദമാം: സഊദിയിൽ വിവിധ നിയമ ലംഘനങ്ങളിൽ ഉൾപ്പെട്ടു ദുരിതമനുഭവിക്കുന്നവർക്ക് പിഴയും ശിക്ഷയും കൂടാതെ നാട്ടിലേക്ക് പോകാനായി ഭരണകൂടം അനുവദിച്ച ഇളവുകൾ ഉപയോഗപ്പെടുത്തണമെന്ന് സാമൂഹ്യ പ്രവർത്തകർ. ഇഖാമയില്ലാത്തവർക്കും കാലാവധി കഴിഞ്ഞവർക്കും ഹുറൂബ് ആയവർക്കുമെല്ലാം പിഴയില്ലാതെ നിയമാനുസൃതം നാട്ടിൽ പോകാൻ സാധിക്കുന്ന തരത്തിലുള്ള ഇളവുകളാണ് ഇപ്പോൾ നടക്കുന്നത്. ഇങ്ങനെ പോകുന്നവർക്ക് പുതിയ വിസയിൽ തിരികെ വരാനാകുമെന്നതും ശ്രദ്ധേയമാണ്.

വീട്ടുജോലിക്കാർ, ഹൗസ് ഡ്രൈവർമാർ തുടങ്ങിയ വിസകളിൽ ഉള്ളവർക്കും, ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) ഉള്ളവർക്കും, മത്ലൂബ് അല്ലാത്ത കേസുകളിൽ ഉൾപ്പെട്ടർ ഉൾപ്പെടെ എല്ലാ അനധികൃത തൊഴിലാളികൾക്കും ഈ ഇളവുകൾ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കുന്നത്. എന്നാൽ, സഊദി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്തുന്നതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ മടി കാണിക്കുന്നതായും ഇളവ് അവസാനിക്കുന്നതോടെ കര്‍ശന പരിശോധനക്ക് സാധ്യതയുള്ളതായും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇഖാമ ഇല്ലാത്തവരും, കാലാവധി കഴിഞ്ഞവരും അതാതു സ്ഥലത്തെ ലേബർ ഓഫിസുമായി ബന്ധപ്പെട്ട് അവിടെ നിന്ന് ലഭിക്കുന്ന എക്സിറ്റ് അപേക്ഷ ഫോമുകൾ പൂരിപ്പിക്കുകയും ഇന്ത്യൻ എംബസ്സിയുടെ വെബ്സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷനും നടത്തുകയും വേണം. രജിസ്ട്രേഷൻ ചെയ്യുന്നവർക്ക് ഇന്ത്യൻ എംബസ്സി നൽകുന്ന ശുപാർശ കത്തും നേരത്തെ, പൂരിപ്പിച്ച എക്സിറ്റ് അപേക്ഷയും കൂടി ഒരുമിച്ചു ലേബർ ഓഫീസിൽ സമർപ്പിക്കുകയാണ് വേണ്ടത്. ലേബർ ഓഫിസിൽ അപേക്ഷ പരിഗണിച്ചു അനുമതി നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ എക്സിറ്റിനു വേണ്ടി ലഭിക്കുന്ന ടോക്കൺ അനുസരിച്ചു ക്രമപ്രകാരം എക്സിറ്റും ലഭിക്കും. ഈ നടപടിക്രമങ്ങൾ എല്ലാം കൂടി സാധാരണ മുപ്പതു മുതൽ നാൽപത്തിയഞ്ചു ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെങ്കിലും പ്രായമേറിയവർ, ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിങ്ങനെ ചില വിഭാഗത്തിന് മുന്ഗണന നൽകുകയും ചെയ്യുന്നുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും പദ്ധതി വഴി നാടണയാന്‍ കഴിയുമെന്നും അവര്‍ക്ക് നടപടികള്‍ കുറച്ചുകൂടി എളുപ്പമാണെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഇത്തരത്തിൽ എക്സിറ്റ് നേടാനായി നിയമസഹായം ആവശ്യമുള്ളവരെ സഹായിക്കാനായി നവയുഗം ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തിക്കുണ്ട്. നിയമസഹായം ആവശ്യമുള്ളവർ 0530642511, 0532657010, 0557133992, 0537521890 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നവയുഗം രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ, വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ എന്നിവർ അറിയിച്ചു.