മക്ക: നാളെ മുതല്‍ മക്കയിലും പുണ്യ നഗരികളിലും പെർമിറ്റില്ലാതെ പ്രവേശനം വിലക്കി. പെര്‍മിറ്റില്ലാതെ വിശുദ്ധ ഹറമിലും ഹറമിനടുത്ത സെന്‍ട്രല്‍ ഏരിയയിലും മിനായിലും മുസ്ദലിഫയിലും അറഫയിലും പ്രവേശിച്ചാൽ 10,000 റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ദുല്‍ഹജ് 13 വരെയാണ് പെർമിറ്റില്ലാത്തവർക്ക് നിരോധനം.
നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ വിശുദ്ധ ഹറമിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള മുഴുവന്‍ വഴികളിലും സുരക്ഷാ സൈനികരെ വിന്യസിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
നിയമ ലംഘനം ആവർത്തിച്ചാൽ ഇരട്ടി തുക പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. ഹജ് സീസണില്‍ കൊറോണ വ്യാപനം തടയാന്‍ അംഗീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നിയമ വിരുദ്ധമായി ഹറമിനടുത്ത പ്രദേശങ്ങളിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നവര്‍ക്ക് പിഴ ചുമത്തുന്നത്.




