“തവക്കൽന”യിൽ അപ്‌ഡേറ്റ് ആകാതെ യാത്ര ക്രമീകരിച്ചു, എതോപ്യയിലെത്തിയ പ്രവാസികളുടെ സഊദി യാത്ര മുടങ്ങി

0
4475

റിയാദ്: സഊദിയിലേക്ക് വിവിധ രാജ്യങ്ങൾ വഴി വരുന്ന പ്രവാസികൾ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര മുടങ്ങും. യാത്ര മുടങ്ങുമെന്ന് മാത്രമല്ല, വിമാന ടിക്കറ്റ് നഷ്ടപ്പെടുന്നതടക്കം കടുത്ത നഷ്‌ടം സംഭവിക്കുകയും കണ്ണെത്താ ദൂരത്ത് വിവിധ രാജ്യങ്ങളിൽ തനിച്ച് കഴിയേണ്ടി വരികയും ചെയ്യും. എത്യോപ്യ വഴി സഊദിയിലേക്ക് തിരിച്ച ഏതാനും പ്രവാസികളാണ് ഇപ്പോൾ ഇവിടെ കുടുങ്ങിയത്. വാക്‌സിൻ സ്വീകരിച്ച് തവക്കൽനയിൽ അപ്‌ഡേറ്റ് ആകാതെ എത്തിയവരാണ് ഇവർ. വാക്‌സിൻ സ്വീകരിക്കുകയും സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപ്‌ഡേറ്റ് ചെയ്യാനായി രജിസ്റ്റർ ചെയ്യുകയും ചെയ്ത ശേഷം അപ്‌ഡേറ്റ് ആകുന്നതിനു മുമ്പ് യാത്ര ക്രമീകരിച്ചതാണ് ഇവർക്ക് വിനയായത്. എന്നാൽ, ഇത് വരെ തവക്കൽനയിൽ അപ്‌ഡേറ്റ് ആകാത്തതിനാൽ എത്യോപ്യയിൽ നിന്ന് ഇവരുടെ സഊദിയിലേക്കുള്ള യാത്ര മുടങ്ങിയിരിക്കുകയാണിപ്പോൾ.

വാക്‌സിൻ സ്വീകരിച്ച ഇവർ തവക്കൽനയിൽ അപ്‌ഡേറ്റ് ആകുവാനായി ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷ നൽകിയ ഇവർ ഇതിന്റെ അപ്‌ഡേറ്റ് വരും മുമ്പ് തന്നെ ഇവർ എത്യോപ്യ വഴി സഊദി യാത്ര ക്രമീകരിക്കുകയും സഊദിയിൽ ക്വാറന്റൈനിൽ ഇല്ലാത്ത രൂപത്തിൽ പാക്കേജുകൾ വാങ്ങുകയും ചെയ്‌തു. എന്നാൽ, എത്യോപ്യയിലെത്തി പതിനാല് ദിവസത്തെ ക്വാറന്റൈനും കഴിഞ്ഞു സഊദിയിലേക്ക് പോകാനായി ഒരുങ്ങിയപ്പോഴാണ് ഇനിയും തവക്കൽനയിൽ അപ്‌ഡേറ്റ് ആകാത്തതിനാൽ ഇവർക്ക് വാക്‌സിൻ എടുത്ത ഗണത്തിൽ മുഖീമിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ലെന്ന വിവരം വ്യക്തമായത്. ഇതോടെ, ടിക്കറ്റ് നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി സഊദിയിൽ ക്വാറന്റൈൻ ആവശ്യമുള്ള ഗണത്തിൽ മുഖീമിൽ രജിസ്റ്റർ ചെയ്യാനായി ശ്രമം നടത്തുകയും അതിനായി ക്വാറന്റൈൻ പാക്കേജ് വാങ്ങാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഇത് ലഭ്യമായില്ല.

ഇതേ തുടർന്ന് ഇവർക്ക് യാത്ര മുടങ്ങുകയായിരുന്നു. ഇതോടെ ഇവർക്ക് വിമാന ടിക്കറ്റ് നഷ്‌ടപ്പെടുകയും എത്യോപ്യയിൽ കൂടുതൽ ദിവസം കഴിയുകയും വേണം. ഒന്നുകിൽ ക്വാറന്റൈൻ പാക്കേജ് ലഭ്യമായ ശേഷം മുഖീമിൽ രജിസ്റ്റർ ചെയ്ത് പുതിയ ടിക്കറ്റ് എടുത്ത് വരികയോ അല്ലെങ്കിൽ തവക്കൽനയിൽ അപ്‌ഡേറ്റ് ആകും വരെ ഇവിടെ തന്നെ കഴിയുകയോ ശേഷം പുതിയ ടിക്കറ്റെടുത്ത് സഊദിയിലേക്ക് വരികയോ ചെയ്യണമെന്നതാണ് ഇനി ഇവർക്കു മുന്നിലുള്ള ഏക മാർഗ്ഗം. അതേസമയം, ഇവരുടെ കൂടെയുള്ളവരിൽ ക്വാറന്റൈൻ പാക്കേജ് എടുത്തവർക്കും തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് അപ്‌ഡേറ്റ് ഉള്ളവർക്കും തടസമില്ല.

അനുഭവങ്ങൾ മുന്നിൽ ഉണ്ടാകുമ്പോൾ പ്രവാസികൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ പണവും മറ്റു നഷ്‌ടങ്ങളും സ്വയം ഏൽക്കേണ്ടി വരും. സഊദി യാത്രക്കൊരുങ്ങുന്ന പ്രവാസികളിൽ വാക്‌സിൻ എടുത്ത് അപ്‌ഡേറ്റ് ചെയ്തത് പോരേണ്ടവരാണെങ്കിൽ തവക്കൽന അപ്‌ഡേറ്റ് ആയ ശേഷം പാക്കേജുകളും ടിക്കറ്റും അന്വേഷിക്കുന്നതായിരിക്കും ഏറ്റവും ഉചിതം. അല്ലെങ്കിൽ ക്വാറന്റൈൻ പാക്കേജ് എടുത്ത ശേഷം ആ രൂപത്തിൽ മുഖീമിൽ രജിസ്റ്റർ ചെയ്തു വേണം വരാൻ.