ദുബൈ: ഇന്ത്യയിൽ നിന്നുള്ള സർവ്വീസുകൾ അനിശ്ചിതമായി നിർത്തിവെച്ചതായി എമിറേറ്റ്സ് വിമാന കമ്പനി അറിയിച്ചു. പ്രവാസികൾക്ക് കടുത്ത നിരാശയും തിരിച്ചടിയും നൽകുന്നതാണ് എമിറേറ്റ്‌സിന്റെ പുതിയ പ്രസ്‌താവന. ജൂലൈ 7 മുതൽ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് കഴിഞ്ഞ ദിവസം അറിയിച്ചതിന് പിറകെയാണ് ഇപ്പോൾ തങ്ങളുടെ സർവീസുകൾ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തതായി എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്.

എമിറേറ്റ് സിൻ്റെ പുതിയ തീരുമാനം യുഎഇ പ്രവാസികൾക്ക് പുറമേ സഊദി പ്രവാസികൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്ന് നേരത്തെ ഏർപ്പെടുത്തിയിരുന്ന വിമാന സർവീസ് വിലക്ക് ജൂലൈ 21 വരെ നീട്ടിയതായി ഇത്തിഹാദ് എയർവെയ്സ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യക്കു പുറമേ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് വിലക്കേർപ്പെടുത്തിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.




