റിയാദ്: രാജ്യത്തെ വിദേശ തൊഴിലാളികളെ ലക്ഷ്യമാക്കിയുള്ള പ്രൊഫഷണൽ പരീക്ഷയിൽ ലക്ഷ്യമിടുന്നത് 80% തൊഴിൽ നൈപുണ്യവും 20% തൊഴിൽ മേഖലയിലെ ആരോഗ്യവും സുരക്ഷയുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. സഊദി തൊഴിൽ വിപണിയിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പരിശോധന 1,099 പ്രൊഫഷണൽ മേഖലകളിൽ ഉണ്ടാകുമെന്നും ഒക്യുപേഷണൽ എക്സാമിനേഷൻ പ്രോഗ്രാം ഡയറക്ടർ എഞ്ചിനീയർ സഅദ് അൽ അഖീൽ വിശദീകരിച്ചു.
ഇലക്ട്രിക്കൽ, പ്ലംബിംഗ്, എന്നിവക്ക് കീഴിലെ തൊഴിലുകളിലാണ് ഇപ്പോൾ പരീക്ഷ നടക്കുന്നത്. ഓരോ തൊഴിലാളിക്കും ടെസ്റ്റ് വിജയിക്കാൻ 3 അവസരങ്ങൾ നൽകും. 1.7 ദശലക്ഷം തൊഴിലാളികളെയാണ് പരീക്ഷക്ക് വിധേയമാക്കുക. 2023 ഓടെ തൊഴിൽ പരിശോധന പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
രണ്ട് ട്രാക്കുകളിലായാണ് പരീക്ഷ നടപ്പിലാക്കുക. വിദേശികൾ പുതിയ വിസയിൽ വരും മുമ്പ് അവരുടെ നൈപുണ്യം പരിശോധിക്കുന്നതിന് അന്തർദ്ദേശീയ പരീക്ഷാകേന്ദ്രങ്ങളുമായി സഹകരിക്കും. രണ്ടാമത്തേത് പ്രാദേശിക പരീക്ഷാകേന്ദ്രങ്ങളുമായി സഹകരിച്ച് നിലവിൽ രാജ്യത്തുള്ള പ്രൊഫഷണൽ തൊഴിലാളികളെ പരിശോധിക്കുക എന്നതാണ്.
‘സഊദിയിൽ വിദേശികൾക്കുള്ള യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടത്തിനു തുടക്കമായി‘




