സമ്മതമില്ലാതെ മറ്റൊരാളുടെ ഫോട്ടോ, വീഡിയോ എന്നിവ പകര്‍ത്തുന്നത് കുറ്റകരം

0
962

അബുദബി: സമ്മതമില്ലാതെ മറ്റൊരാളുടെ ഫോട്ടോ, വീഡിയോ എന്നിവ പകര്‍ത്തുന്നത് കുറ്റകരം. പൊതുസ്ഥലങ്ങളില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കി അബുദാബി ജുഡീഷ്യല്‍ വകുപ്പ് ഉത്തരവിറക്കി. സമ്മതമില്ലാതെ മറ്റൊരാളുടെ ഫോട്ടോ, വീഡിയോ എന്നിവ പകര്‍ത്തുന്നത് യുഎഇ ശിക്ഷാനിയമം 378-ാം വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണെന്ന് ഉത്തരവില്‍ പറയുന്നു.

ഫോട്ടോയെടുക്കുമ്പോള്‍ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പരിചയക്കാരാണെങ്കിലും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമുന്‍പായി അവരുടെ സമ്മതം വാങ്ങണം. വിവാഹങ്ങളുള്‍പ്പടെയുള്ള കുടുംബ ആഘോഷങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അപകടദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും അധികൃതരുടെ സമ്മതംവേണം. മറ്റൊരാളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതും കുറകരമാണെന്നും അബുദാബി ജുഡീഷ്യല്‍ വകുപ്പ് വ്യക്തമാക്കി.