അബുദാബി/പാലക്കാട്: രണ്ട് കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവിന് പുതുതായി തുറന്ന ലുലു മാളിൽ ജോലി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലിയാണ് എത്രയും പെട്ടെന്ന് പ്രണവിന് അനുയോജ്യമായ ജോലി നൽകാൻ മാനേജർമാർക്ക് നിർദേശം നൽകി. പാലക്കാട് ലുലു മാൾ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാണ് ഒട്ടേറെ പേരെ പോലെ പ്രണവുമെത്തിയത്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പിന്നീട് കാലുകളുപയോഗിച്ച് യൂസഫലിയുടെ കൂടെ സെൽഫിയുമെടുത്തു. ഇതിന് ശേഷം തനിക്ക് സാറിൽ നിന്നൊരു സഹായം വേണമെന്ന് യുവാവ് യൂസഫലിയോട് ആവശ്യപ്പെടുകയായിരുന്നു. എന്താണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, എനിക്കൊരു ജോലിയില്ല എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമെന്നും ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാനെന്നും പറഞ്ഞു കണ്ഠമിടറിയപ്പോൾ പ്രണവിനെ ചേർത്തു പിടിച്ച് യൂസഫലി ആശ്വസിപ്പിക്കുകയും എന്ത് ജോലിയാണ് വേണ്ടതെന്ന് ചോദിക്കുകയും ചെയ്തു.

എന്തു ജോലിയും ചെയ്യാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നായി പ്രണവ്. ഉടൻ തന്‍റെ മാനേജർമാരെ വിളിച്ച് പ്രണവിന് ചെയ്യാൻ കഴിയുന്ന എന്ത് ജോലിയും നൽകാൻ നിർദേശിക്കുകയുമായിരുന്നു. അടുത്ത പ്രാവശ്യം താൻ ഈ മാളിൽ വരുമ്പോൾ പ്രണവ് ഇവിടെ ജോലി ചെയ്യുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ കണ്ണ് നനയിച്ച ഈ രംഗങ്ങൾക്ക് ശേഷം കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രം പ്രണവ് യൂസഫലിക്ക് സമ്മാനിച്ചു.
അതേസമയം, ഗംഭീര ചടങ്ങുകളോടെയാണ് പാലക്കാട് ലുലു മാൾ ഇന്ന് തുറന്നത്. കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ്ങ് കേന്ദ്രമാണിത്. പാലക്കാടിന്റെ കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകുന്നതാണ് പദ്ധതിയെന്നും 1400 പേർക്കാണ് പുതിയ തൊഴിലവസരം ലഭിച്ചതെന്നും അധികൃതർ പറഞ്ഞു. ഇതിൽ എഴുപത് ശതമാനവും പാലക്കാട് സ്വദേശികളാണ്. കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് പട്ടണങ്ങളിൽ കൂടി പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ തുറക്കുമെന്നും എം.എ യൂസഫലി അറിയിച്ചു. വീഡിയോ കാണാം 👇
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക