പിതാവിനെ ഇപ്പോഴും സംഘ്പരിവാര്‍ ആയുധമാക്കുകയാണ്, താനിപ്പോഴും മുസ്‌ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ

0
2660

തിരുവനന്തപുരം: പിതാവിനെ ഇപ്പോഴും സംഘ്പരിവാര്‍ ആയുധമാക്കുകയാണെന്ന് ഹാദിയ. താനിപ്പോള്‍ പുനര്‍വിവാഹിതയായി ഭര്‍ത്താവിനൊപ്പം തിരുവനന്തരുത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിയുമെന്നും അവര്‍ പറഞ്ഞു.

എട്ടു വര്‍ഷം മുന്‍പ് ഇസ്‍ലാംമതം സ്വീകരിച്ച മകളെ കാണാനില്ലെന്ന് ആരോപിച്ച് വൈക്കം സ്വദേശി അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ഹാദിയയുടെ പ്രതികരണം.
താനിപ്പോഴും മുസ്‌ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.

”ഇസ്‌ലാംമതം സ്വീകരിച്ചിട്ട് എട്ടുവർഷമായി. തുടക്കം മുതൽ എന്നെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛൻ അതിനു നിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അതു വ്യക്തിജീവിതത്തിൽ നല്ല ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.”-ഹാദിയ ചൂണ്ടിക്കാട്ടി.

അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും അച്ഛൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കേസ് കൊടുക്കുകയാണ്. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്.

”സുപ്രിംകോടതി എന്നെ എന്റെ സ്വാതന്ത്ര്യത്തിനു വിടുകയാണു ചെയ്തത്. സ്വാതന്ത്ര്യം വേണമെന്നാണ് ഞാൻ സുപ്രിംകോടതിയിൽ ചോദിച്ചത്. ഞാൻ പ്രായപൂർത്തിയായ സ്ത്രീയാണ്. എനിക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അതാണ് കോടതി പൂർണമായും എനിക്ക് അംഗീകരിച്ചുതന്നിട്ടുള്ളത്. ആ സമയത്ത് ഷെഫിൻ ജഹാനെ കല്യാണം കഴിച്ചിരുന്നു. അതു കോടതി അംഗീകരിക്കുകയും ചെയ്തു. പിന്നീട് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നിയ ഘട്ടത്തിൽ രണ്ടുപേരും തീരുമാനിച്ചു പിരിയുകയായിരുന്നു. ഒരു വക്കീലിനെ കണ്ട് നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

വീണ്ടും വിവാഹിതയായിട്ടുണ്ട്. അതേക്കുറിച്ച് സമൂഹം ചർച്ച ചെയ്യേണ്ട ആവശ്യമില്ല. വേർപിരിയാനും പുനർവിവാഹം ചെയ്യാനും എല്ലാവരെയും ഭരണഘടന അനുവദിക്കുന്നുണ്ട്. ഞാൻ ചെയ്യുമ്പോൾ മാത്രം എല്ലാവരും എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്. പ്രായപൂർത്തിയായ ഒരു സ്ത്രീയാണു ഞാൻ. എനിക്ക് എന്റേതായ തീരുമാനമെടുക്കാനുള്ള പ്രായവും പക്വതയുമായിട്ടുണ്ട്. അതനുസരിച്ചാണു വിവാഹബന്ധം വേർപ്പെടുത്തിയതും പറ്റിയ ഒരാളെ വീണ്ടും വിവാഹം കഴിച്ചതും ഹാദിയ പറഞ്ഞു.