വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു

0
2278

ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മലയാളികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ജമ്മു കശ്മീരിലെ സോജില ചുരത്തിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. അപകടത്തിൽപ്പെട്ടത് പാലക്കാട് ചിറ്റൂർ സ്വദേശികളാണ്. സുധേഷ്, അനിൽ, രാഹുൽ, വിഗ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണ് മരിച്ചതെന്ന് ലഭിക്കുന്ന വിവരം. ഇതിൽ ഐജാസ് മുഹമ്മദ് ശ്രീനഗർ സ്വദേശിയാണ്. ‌മനോജ്, രജീഷ്, അരുൺ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ മനോജ് എസ്.കെ.ഐ.എം.എസ് ആശുപത്രിയിലാണ് ഉള്ളത്.

സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ശ്രീനഗറിനെ ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന ഹൈവേ കടന്നുപോകുന്ന ചുരമാണിത്. അപകടം നടന്നതിനു പിന്നാലെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിലും താഴ്ചയിലേക്ക് മറിഞ്ഞ വാഹനം പൂർണമായി തകർന്നുപോയിരുന്നു. മാതാ വൈഷ്ണോദേവിയുടെ ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.