വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് ബന്ദികളെ വിട്ടയച്ചു തുടങ്ങി

0
2504

ഗസ്സ സിറ്റി: 12 തായ്‍ലൻഡ് സ്വദേശികളെയും 13 ഇസ്രായേലികളെയും ഹമാസ് വിട്ടയച്ചതായി ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസ് അറിയിച്ചു. 12 തായ്‍ പൗരന്മാരെ ഹമാസ് വിട്ടയച്ചതായി തായ്‍ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ സ്ഥിരീകരിച്ചു.

ഇസ്രായേലി ബന്ദികളെ ഗസ്സയിലെ റെഡ് ക്രോസിന് കൈമാറിയെന്നും ഇവർ ഈജിപ്ത് അതിർത്തിയിലേക്കുള്ള യാത്രയിലാണെന്നും ഇസ്രായേലി ടിവി ചാനലുകളും റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിന്‍റെ ഭാഗമായല്ലാതെയാണ് ഹമാസ് തായ്‍ലൻഡ് പൗരന്മാരെ വിട്ടയച്ചിരിക്കുന്നത്.

12 തായ് ബന്ദികളെ വിട്ടയച്ചതായി സുരക്ഷാ വിഭാഗവും വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥർ അവരെ കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. വിട്ടയക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ ഉടൻ അറിയിക്കും -തായ്‍ലൻഡ് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്​ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. നാല് ദിവസത്തെ വെടിനിർത്തലിനാണ് ധാരണയിലായത്. 150 ഫലസ്​തീൻ തടവുകാർക്കു പകരം ഹമാസ്​ പിടിയിലുള്ള ബന്ദികളിൽ 50 സ്​ത്രീകളെയും കുട്ടികളെയും കൈമാറാനാണ്​ വ്യവസ്​ഥ.

ഈജിപ്ത് ട്രക്കുകൾ ഗസ്സയിലേക്ക്
നാല് ദിവസത്തെ താൽകാലി വെടിനിർത്തലിന് പിന്നാലെ സഹായ ഹസ്തവുമായി ഈജിപ്ത് ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു തുടങ്ങി. റഫ അതിർത്തി കടന്ന ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രണ്ട് സംഘടനകളെ പ്രതിനിധീകരിച്ച് രണ്ടുട്രക്കുകളാണ് ഗസ്സയിലേക്ക് നീങ്ങിയത്. ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ നൽകുമെന്ന് ഈജിപ്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ നാല് ട്രക്ക് ഗ്യാസുമുൾപ്പെടെ ദിവസേന 200 ട്രക്ക് സഹായങ്ങൾ ഗസ്സയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.