ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയിലേക്ക്; അനുമതി ലഭിക്കാനുള്ള അവസാന ഘട്ടത്തിൽ

0
2248

ന്യൂഡല്‍ഹി: അമേരിക്കന്‍ കൊവിഡ് പ്രതിരോധ വാക്‌സിനായ ഫൈസര്‍ ഇന്ത്യയില്‍ ഉപയോഗാനുമതിക്കായുള്ള അന്തിമഘട്ടത്തിൽ. സി.ഇ.ഒ ആല്‍ബര്‍ട്ട് ബോര്‍ലയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാറുമായി ഉടൻ ധാരണയിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പതിനഞ്ചാമത്ത് ബയോഫാര്‍മ ഹെല്‍ത്ത് കെയര്‍ ഉച്ചകോടിയില്‍ സംസാരിക്കുകവെ വ്യക്തമാക്കി.

നിലവിൽ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും പ്രചാരമുള്ള വാക്സിനാണ് ഫൈസർ. ഇത് ഇന്ത്യയിൽ എത്തുന്നതോടെ പ്രവാസികൾക്ക് വലിയൊരു ആശ്വാസമായി മാറുമെന്നത് തീർച്ചയാണ്. കൂടുതല്‍ വിദേശ വാക്‌സിനുകള്‍ക്ക് ഇന്ത്യയിലെത്തുന്നതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയൊരാശ്വാസമാകും.

മരുന്നു നിര്‍മാണ രംഗത്തെ അതികായരായ ഫൈസര്‍, ജര്‍മന്‍ കമ്പനിയായ ബയേണ്‍ടെകുമായി ചേർന്ന് വികസിപ്പിച്ച മരുന്ന് വൈറസിനെതിരെ 90 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് പഠനങ്ങളില്‍ വ്യക്തമായതായി കമ്പനി അവകാശപ്പെടുന്നു.

ഫൈസറിനും മറ്റൊരു അമേരിക്കന്‍ വാക്‌സിനായ മൊഡേർണക്കും ഇന്ത്യയില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് നിതി ആയോഗ് അംഗം ഡോ: വി.കെ. പോള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നടത്തി ഫലപ്രാപ്തി തെളിയിച്ച വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ പ്രത്യേക പരീക്ഷണം ആവശ്യമില്ലെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതുപ്രകാരം യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍, യു.കെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഏജന്‍സി, ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ഏജന്‍സി-ജപ്പാന്‍ എന്നിവ അംഗീകരിച്ചതോ ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയതോ ആയ വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ പരീക്ഷണമില്ലാതെ അനുമതി നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here