കമ്യൂണിസവുമായി ഒരിക്കലും മുസ്‍ലിമിന് ചേരാനാവില്ല, സമസ്തയും ലീഗും തമ്മിൽ അഭേദ്യ ബന്ധം; ഓണമ്പിള്ളി മുഹമ്മദ് ഫൈസി

0
1966

റിയാദ്: കമ്യൂണിസവുമായി ഒരിക്കലും മുസ്‍ലിമിന് ചേരാനാവില്ല. കാരണം മതനിരാസമാണ് കമ്യൂണിസം പഠിപ്പിക്കുന്നത്.
സമസ്തയും മുസ്‍ലിം ലീഗും തമ്മിലുള്ള ബന്ധം വർഷങ്ങൾക്ക് മുമ്പേ തുടങ്ങിയതാണെന്നും
സമസ്തയുടെ മുൻകാല പണ്ഡിതന്മാരെല്ലാം സയ്യിദന്മാരുടെ നേതൃത്വത്തിലുള്ള മുസ്‍ലിം ലീഗിനെ അംഗീകരിച്ചവരാണെന്നും എസ്.വൈ.എസ് സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.

സമസ്ത ഇസ്‍ലാമിക് സെന്റർ (എസ്.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കാമ്പയിൻ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കുടുംബം തകരണമെന്നത് കമ്യൂണിസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നാണ്. ഏംഗൽസ് അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജെന്റർ ന്യൂട്രൽ ആവുകയെന്നാൽ ആണും പെണ്ണും ഇല്ലാതാവുകയെന്ന അവസ്ഥയാണ്. ഇങ്ങനെ മത വിഷയങ്ങളിൽ മതനിരാസം കലർത്തുകയാണ് അവർ ചെയ്യുന്നത്.

ഉലമാക്കളും ഉമറാക്കളും സയ്യിദുമാരും തമ്മിലുള്ള ബന്ധം തകർന്നാൽ അതിന് സമുദായം വലിയ വില നൽകേണ്ടിവരും. വരക്കൽ മുല്ലക്കോയ തങ്ങളും ഖുതുബി മുഹമ്മദ് മുസ് ലിയാരും കണ്ണിയത്ത് അഹമ്മദ് മുസ് ലിയാരും പാങ്ങിൽ അഹമ്മദ് കുട്ടി മുസ് ലിയാരുമെല്ലാം ബാഫഖി തങ്ങൾ എന്ന സയ്യിദിന്റെ കൊടിയടയാളത്തിന് കൂടെയാണ് നടന്നത്.

35 വയസ്സ് പ്രായമുള്ള ബാഫഖി തങ്ങളാണ് തന്നേക്കാൾ പ്രായക്കൂടുതലുള്ള പാങ്ങിൽ അഹമ്മദ് കുട്ടി മുസ്‍ലിയാരുടെ മദ്രസ പ്രസ്ഥാനമടക്കുള്ള ആശയങ്ങൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത്. മഹാപണ്ഡിതനായ പാങ്ങിൽ അഹമ്മദ്കുട്ടി മുസ്‍ലിയാർ ബാഫഖി തങ്ങളെ മുന്നിൽ നടത്തിക്കുകയായിരുന്നു. അതായത് പ്രായം കുറെ വേണമെന്നില്ല നേതാവിന് എന്നാണ് അതിൽ നിന്ന് നമുക്ക് പഠിക്കാനുള്ളത്.

പ്രായമുള്ള നേതാവിനെ മാത്രമേ അംഗീകരിക്കൂവെന്ന് ചിലർ ഇപ്പോൾ പറയുന്നുണ്ട്. മഹാന്മാരായ പണ്ഡിതന്മാർ എക്കാലവും സയ്യിദുമാരെ ആദരിച്ചിട്ടുണ്ട്. സമുദായത്തിന് വേണ്ടി ആലോചിക്കാനും അവരുടെ പരാതികൾ കേൾക്കാൻ സമയം കണ്ടെത്താനും അടക്കാത്ത വാതിലും ഗൈറ്റുമായി ഇരിക്കാൻ കഴിഞ്ഞവരാണ് പാണക്കാട് സയ്യിദ് കുടുംബം.

സമുദായത്തെ ഐക്യത്തോടെ നിലനിർത്താൻ ഈ കുടുംബം വലിയ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. പാണക്കാട് കുടുംബത്തെ കൈവിടില്ല -അദ്ദേഹം പറഞ്ഞു.
ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ഐ. സി പ്രസിഡന്റ് ബശീർ ഫൈസി ചുങ്കത്തറ അധ്യക്ഷത വഹിച്ചു.

ഓർഗനൈസിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ കർമ പദ്ധതി അവതരിപ്പിച്ചു. എസ്.ഐ.സി സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ ആശംസ നേർന്നു. റിയാദ് കമ്മിറ്റി ചെയർമാൻ സൈദലവി ഫൈസി പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി ശുഐബ് വേങ്ങര സ്വാഗതവും വർക്കിംഗ് സെക്രട്ടറി ശമീർ പുത്തൂർ നന്ദിയും പറഞ്ഞു.