20 ലക്ഷം റിയാൽ സഊദി ഘടകവും 10 ലക്ഷം റിയാൽ ഖത്തർ ഘടകവും ആണ് പ്രഖ്യാപിച്ചത്
ദുബൈ: ഇസ്റാഈൽ സൈന്യത്തിന് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മക്ഡൊണാൾഡിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുന്നതിനിടെ ഗസ്സക്ക് പിന്തുണയുമായി ‘മക്ഡൊണാൾഡ്സ് ഖത്തർ, സഊദി’ ഘടകങ്ങൾ. ഖത്തറിലും സഊദിയിലും പ്രവർത്തിക്കുന്ന ‘മക്ഡൊണാൾഡ്’ പൂർണമായും പ്രാദേശിക ഉടമസ്ഥതയിലുള്ളതാണെന്നും യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികളോട് ഐക്യദാർഢ്യപ്പെടുന്നതായും കമ്പനിയുടെ ഇരു രാജ്യങ്ങളിലെയും ഘടകങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് 20 ലക്ഷം സഊദി റിയാൽ സംഭവാന നൽകുമെന്നാണ് മക്‌ഡൊണാൾഡ്‌സ് സഊദി ഘടകം പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായി ഏകോപിപ്പിച്ച്, ഫലസ്തീനിലെയും ഗസ്സയിലെയും സഹോദരങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും കമ്പനി ഊന്നിപ്പറഞ്ഞു.
ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഖത്തർ ചാരിറ്റിയുടെ ‘ഫലസ്തീനു വേണ്ടി’ കാമ്പയിനിൽ പങ്കുചേർന്ന് 10 ലക്ഷം ഖത്തർ റിയാൽ സംഭാവന നൽകുന്നതായാണ് മക്‌ഡൊണാൾഡ്‌സ് ഖത്തർ ഘടകം പ്രഖ്യാപിച്ചത്. ഗസ്സയിലെ ജനങ്ങളുടെ ഭക്ഷണം, വെള്ളം, പാർപ്പിടം, വൈദ്യ സഹായം ഉൾപ്പെടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തുകയിലേക്കാണ് പത്തു ലക്ഷം റിയാൽ സംഭാവനയായി നൽകുന്നത്
ഞങ്ങൾ പൂർണ്ണമായും സഊദി കമ്പനിയായതിനാൽ, ഞങ്ങളുടെ സഊദി ഐഡന്റിറ്റിയിലും സഊദി സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും പിന്തുണയ്ക്കുന്നതിലും ഞങ്ങൾ അഭിമാനിക്കുന്നു. സാമൂഹികവും മാനുഷികവുമായ പ്രശ്നങ്ങളിൽ ആവശ്യമായ പിന്തുണ നൽകുന്നതിലും, സംഭാവന നൽകുന്നതിലും ഞങ്ങൾ ന്തോഷിക്കുന്നുവെന്നും സഊദി ഘടകം പ്രസ്താവനയിൽ വ്യക്തമാക്കി
ഈ നിലപാടുകളുടെ ഭാഗമായി ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായി ഏകോപിച്ച് ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 20 ലക്ഷം സഊദി റിയാലിന്റെ സംഭാവന പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.
ഇസ്റാഈലിലെ മക്‌ഡൊണാൾഡിന്റെ ഫ്രാഞ്ചൈസി ഉടമകൾ ഇസ്റാഈൽ സൈന്യത്തിന് സൗജന്യ ഭക്ഷണം നൽകുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനെ തുടർന്ന് മക്ഡൊളാൾഡ്സ് ബഹിഷ്കരിക്കണമെന്ന് പ്രചാരണം അറബ് രാജ്യങ്ങളിലെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ നിലപാട് വ്യക്തമാക്കി കൊണ്ട് മക്‌ഡൊണാൾഡ്സ് സഊദി, ഖത്തർ ഘടകങ്ങൾ ഗസ്സക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
ഇസ്റാഈൽ സൈനികർക്ക് ഭക്ഷണം കൊടുക്കുവാനുള്ള തീരുമാനം, ഇസ്രായേലിലെ കമ്പനിയുടെ ഏജൻസിയുടെ സ്വതന്ത്രമായ തീരുമാനവും പ്രവർത്തനവുമാണെന്ന് മക്‌ഡൊണാൾഡ്‌സ് സഊദി ഘടകം വ്യക്തമാക്കുന്നു. മക്‌ഡൊണാൾഡ്സ് ഇന്റർനാഷണലിനോ മറ്റേതെങ്കിലും രാജ്യത്തെ ഫ്രാഞ്ചൈസി ഉടമയ്‌ക്കോ, ഇസ്രായേലിലെ ഫ്രാഞ്ചൈസിയുടെ തീരുമാനത്തിലും പ്രവർത്തനത്തിലും നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും മക്‌ഡൊണാൾഡ്സ് സഊദി ഘടകം കൂട്ടിച്ചേർത്തു.
ഖത്തറിലെ അൽ മന റസ്റ്റാറന്‍റ് ആൻഡ് ഫുഡ് കമ്പനിയുടെ പൂർണ ഉടമസ്ഥതയിലാണ് ‘മക്ഡൊണാൾഡ്’ ഖത്തർ പ്രവർത്തിക്കുന്നതെന്നും, മറ്റുരാജ്യങ്ങളിലെ മക്‌ഡൊണാൾഡ് ഏജന്റ് പുറപ്പെടുവിക്കുന്ന തീരുമാനങ്ങളുമായോ മറ്റോ തങ്ങൾക്ക് ബന്ധമില്ലെന്നും ഖത്തർ ഘടകം വ്യക്തമാക്കി.




