അബഹ: സഊദിയിൽ വിമാനത്താവളം വരുന്നു
അബഹയിലാണ് അത്യാധുനിക രൂപകൽപനയിൽ പുതിയ രാജ്യാന്തര വിമാനത്താവളം നിർമിക്കുന്നത്. അസീർ മേഖലയുടെ പൈതൃകവുമായി പൊരുത്തപ്പെടുന്ന വാസ്തുവിദ്യാ ഐഡന്റിറ്റിയോടെയാണ് പുതിയ വിമാനത്താവളം നിർമിക്കുക.
പുതിയ വിമാനത്താവളത്തിന്റെ മാസ്റ്റർ പ്ലാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുറത്തിറക്കി. ടെർമിനലിന് 65,000 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടാകും. നിലവിലെ അബഹ വിമാനത്താവള ടെർമിനലിന് 10,500 ചതുരശ്രമീറ്റർ വിസ്തൃതിയാണുള്ളത്.
പുതിയ വിമാനത്താവളത്തിൽ എയറോബ്രിഡ്ജുകളും യാത്രാ നടപടികൾ എളുപ്പത്തിൽ സ്വയം പൂർത്തിയാക്കാൻ യാത്രക്കാർക്ക് അവസരമൊക്കുന്ന സെൽഫ് സർവീസ് ഉപകരണങ്ങളും കൗണ്ടറുകളും നിരവധി വാഹനങ്ങൾ നിർത്തിയിടാൻ ശേഷിയുള്ള പാർക്കിങ്ങുകളും മറ്റു സൗകര്യങ്ങളുമുണ്ടാകും. പദ്ധതിയുടെ ആദ്യ ഘട്ടം 2028 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതിവർഷം 1.3 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ പുതിയ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. നിലവിലെ വിമാനത്താവളത്തിന്റെ പ്രതിവർഷ ശേഷി 15 ലക്ഷം യാത്രക്കാരാണ്. നിലവിലെതിന്റെ പത്തിരട്ടിയോളം ശേഷിയിലാണ് പുതിയത് നിർമിക്കുന്നത്.
പ്രതിവർഷം 90,000 ലേറെ വിമാന സർവീസുകൾ നടത്താൻ പുതിയ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. പരമാവധി 30,000 സർവീസുകൾ വർഷത്തിൽ നടത്താനാണ് നിലവിൽ ശേഷിയുള്ളത്. 20 ഗെയ്റ്റുകളും യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 41 കൗണ്ടറുകളും ഏഴു സെൽഫ് സർവീസ് പ്ലാറ്റ്ഫോമുകളുമുണ്ടാകും.
നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനാൽ കാലക്രമേണ പഴക്കം തോന്നാത്ത വാസ്തുവിദ്യാ രൂപകൽപന പുതിയ വിമാനത്താവളത്തിന്റെ സവിശേഷതയാകും. ഉയർന്ന കാര്യക്ഷമതയോടെ വ്യതിരിക്തമായ യാത്രാനുഭവം പ്രദാനം ചെയ്യുന്ന നിലക്ക് സന്ദർശകർക്കും യാത്രക്കാർക്കും സുസ്ഥിരമായ സേവനങ്ങൾ നൽകാൻ സഹായിക്കും വിധം പ്രകൃതിയുമായി ഇണങ്ങിച്ചേരുന്നതും സൗദി സംസ്കാരത്തെ അനുകരിക്കുന്നതുമായ ഒരു ആന്തരിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സുസ്ഥിരമായ പാരിസ്ഥിതിക രൂപകൽപനകൾ വിമാനത്താവളത്തിൽ ഉപയോഗിക്കും.




