സഊദിയിൽ വൈദ്യുതി മുടക്കം ഉണ്ടായാൽ മണിക്കൂറിന് വീതം നഷ്ടപരിഹാരം; ചില ഘട്ടങ്ങളിൽ 400 റിയാൽ മുതലും നഷ്ടപരിഹാരം

0
1178

വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ ഗൈഡിലാണ് നഷ്ടപരിഹാരം നിര്‍ണയിച്ചിരിക്കുന്നത്

റിയാദ്: ഉപഭോക്താവിന് വൈദ്യുത സേവനം തടസ്സപ്പെട്ടാൽ, സേവന ദാതാവ് എത്രയും വേഗം സേവനം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകണമെന്നും നിബന്ധന. അടുത്തിടെ അംഗീകരിച്ച സഊദിയിലെ ഇലക്ട്രിക്കൽ സേവനങ്ങൾക്കായുള്ള ഗ്യാരണ്ടിഡ് സ്റ്റാൻഡേർഡ് ഗൈഡിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വൈദ്യുത തടസ്സം ഉണ്ടായാൽ ഉടനടി പരിഹാരം കാണണമെന്നും സമയം മുതൽ 6 മണിക്കൂറിൽ കൂടിയാൽ ഉപഭോക്താവിന് സേവന ദാതാവ് നഷ്ടപരിഹാരം നൽകണമെന്ന് ഗൈഡിൽ വ്യക്തമാക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വര്‍ഷത്തില്‍ രണ്ടു തവണ വൈദ്യുതി സ്തംഭിക്കുകയും ഇതില്‍ ഓരോ തവണയും രണ്ടു മണിക്കൂറിലേറെ നേരം വൈദ്യുതി വിതരണം നിലക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഉപയോക്താക്കള്‍ക്ക് 400 റിയാല്‍ തോതില്‍ ഇനി മുതല്‍ നഷ്ടപരിഹാരം ലഭിക്കും.

സേവന ദാതാവ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഉപഭോക്താവിന് 100 റിയാൽ നഷ്ടപരിഹാരം നൽകണം, തുടർന്നും സർവ്വീസ് നൽകാൻ സാധിച്ചില്ലെങ്കിലോ ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ടാലോ ഓരോ അധിക മണിക്കൂറിനും കൂടാതെ സേവന ദാതാവ് ഉപഭോക്താവിന് 100 റിയാലിന്റെ അധിക സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും ഗൈഡ് വ്യക്തമാക്കുന്നു.

പണമടയ്ക്കാത്തതിന്റെ പേരിൽ ഇലക്ട്രിക്കൽ സർവീസ് വിച്ഛേദിക്കപ്പെട്ടാൽ പണം അടച്ചു വൈദ്യുതി പുനഃസ്ഥാപിക്കാൻ അവകാശമുണ്ട്. ഉപഭോക്താവ് ആവശ്യമായ തുക അടച്ചാൽ, അംഗീകൃത പേയ്‌മെന്റ് സംവിധാനങ്ങൾ വഴി പണമടച്ചതായി സേവന ദാതാവിനെ അറിയിച്ച സമയം മുതൽ രണ്ട് മണിക്കൂറിനുള്ളിൽ വൈദ്യുത സേവനം തിരികെ നൽകണമെന്നതാണ് നിബന്ധന.

സേവന ദാതാവ് ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, ഉപഭോക്താവിന് 100 റിയാൽ സാമ്പത്തിക തുക നഷ്ടപരിഹാരം നൽകണം, കൂടാതെ സേവന ദാതാവ് ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെടുന്നത് തുടരുകയാണെങ്കിൽ, ഓരോ അധിക, അല്ലെങ്കിൽ ഭാഗിക പ്രവൃത്തി ദിവസത്തിനും 20 റിയാൽ വീതവും നഷ്ടപരിഹാരം നൽകണം.

മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുള്ള മുടക്കം നടത്തേണ്ടത് ആവശ്യമാണെങ്കിൽ, വൈദ്യുതി ഓഫ് ചെയ്യുന്നതിന് കുറഞ്ഞത് രണ്ട് ദിവസം മുമ്പെങ്കിലും ഉപഭോക്താവിന് മുൻകൂർ അറിയിപ്പ് അയയ്‌ക്കണം, അറിയിപ്പ് ഇലക്ട്രിക്കൽ സേവന വ്യവസ്ഥയിൽ വ്യക്തമാക്കിയിട്ടുള്ള ഉപഭോക്താക്കളെ അറിയിക്കുന്നതിനുള്ള മാർഗ്ഗങ്ങൾക്കനുസൃതമായിരിക്കുകയും വേണം. സേവന ദാതാവ് ഈ മാനദണ്ഡം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, 100 റിയാൽ ഉപഭോക്തൃ നഷ്ടപരിഹാരം നൽകുകയും വേണ്ടി വരുമെന്നും ഗൈഡ് വ്യക്തമാക്കുന്നു.

ലോടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ അപേക്ഷകളില്‍ 20 പ്രവൃത്തി ദിവസത്തിനകവും ഹൈടെന്‍ഷന്‍ കണക്ഷന്‍ അപേക്ഷകളില്‍ 60 പ്രവൃത്തി ദിവസത്തിനകവും കണക്ഷന്‍ നല്‍കാതിരുന്നാല്‍ 400 റിയാല്‍ നഷ്ടപരിഹാരത്തിന് ഉപയോക്താവിന് അവകാശമുണ്ട്. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതി 10 പ്രവൃത്തി ദിവസത്തിനകം പരിഹരിക്കാത്ത പക്ഷം 100 റിയാല്‍ നഷ്ടപരിഹാരം നല്‍കല്‍ നിര്‍ബന്ധമാണ്.

ബില്ലുകള്‍ അടക്കാത്തതിന്റെ പേരില്‍ കണക്ഷന്‍ വിച്ഛേദിക്കുമ്പോള്‍ അംഗീകൃത വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കാതിരിക്കല്‍, നിരോധിത സമയങ്ങളിലും സാഹചര്യങ്ങളിലും വൈദ്യുതി വിച്ഛേദിക്കല്‍, ബില്ലില്‍ നിര്‍ണയിച്ച തീയതിക്കു മുമ്പ് വൈദ്യുതി വിച്ഛേദിക്കല്‍, അബദ്ധത്തില്‍ മീറ്റര്‍ മാറി വൈദ്യുതി വിച്ഛേദിക്കല്‍ എന്നീ സാഹചര്യങ്ങളില്‍ എത്രയും വേഗം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കല്‍ നിര്‍ബന്ധമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉപയോക്താവിന് ഇലക്ട്രിസിറ്റി കമ്പനി 500 റിയാല്‍ നഷ്ടപരിഹാരവും നല്‍കണം.

ഓട്ടോമാറ്റിക് ആയാണ് ഇലക്ട്രിസിറ്റി കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത്. ഇതിന് ഉയോക്താക്കള്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. നഷ്ടപരിഹാരത്തുക പ്രതിമാസ വൈദ്യുതി ബില്ലില്‍ കുറച്ചോ പണമായോ ആണ് നല്‍കേണ്ടത്. നഷ്ടപരിഹാര വിതരണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി വിസമ്മതിക്കുന്ന പക്ഷം ഉപയോക്താക്കള്‍ക്ക് വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് പരാതി നല്‍കാവുന്നതാണ്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക