കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്ന ഉത്തരവ് തിരുത്തി ജില്ലാ കളക്ടർ. ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ’ എന്ന പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയായത് ജനങ്ങളില്‍ ഭീതി പരത്താന്‍ കാരണമായ സാഹചര്യത്തിലാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയതെന്ന് കളക്ടറുടെ പുതിയ ഉത്തരവില്‍ പറയുന്നു
സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. മറ്റ് നിർദേശങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും കളക്ടർ അറിയിച്ചു. സെപ്റ്റംബര്‍ 18 മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടത്തണമെന്നും വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ലെന്നുമായിരുന്നു മുന്‍ ഉത്തരവ്.
അടുത്ത ഒരാഴ്ചത്തേക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്നും ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തണമെന്നും കഴിഞ്ഞ ദിവസം തന്നെ കളക്ടര്‍ ഉത്തരവിട്ടിരുന്നു.”




