പരിശോധനകള്‍ ശക്തം; ഒരാഴ്ചയ്ക്കിടെ 15,351 പ്രവാസി നിയമലംഘകർ അറസ്റ്റിൽ

0
1808

റിയാദ്: ഒരാഴ്ചയ്ക്കിടെ സഊദിയുടെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 15,351 ഓളം വിദേശികളെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 24 മുതൽ 30 വരെ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് നിയമലംഘകർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

9,124 താമസ ലംഘകരും 4,284 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 1,943 തൊഴിൽ, നിയമ ലംഘകരും പിടിയിലായി. രാജ്യത്തേക്ക് അതിർത്തിവഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 579 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 54 ശതമാനം യമനികളാണ്. 44 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 257 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്‌തവരും വിവരങ്ങൾ മറച്ചുവെക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുമായ 14 പേരും പിടിയിലായിട്ടുണ്ട്.

ആകെ 41,048 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 33,968 പുരുഷന്മാരും 7,080 സ്ത്രീകളുമാണ്. ഇവരിൽ 35,175 നിയമലംഘകരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളുമായി ആഭ്യന്തരവകുപ്പ് ബന്ധപ്പെട്ടട്ടു. 1,690 നിയമലംഘകരെ അവരുടെ യാത്രാറിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 9,594 നിയമലംഘകരെ ഈ കാലയളവിൽ നാടുകടത്തി.