കോക്പിറ്റില്‍ നിന്ന് പുകയുടെ ഗന്ധം; ജിദ്ദയിൽ വിമാനത്തിന് അടിയന്തര ലാന്റിംഗ്

0
1784

ജിദ്ദ: ജിദ്ദയിൽ വിമാനത്തിന് അടിയന്തിര ലാന്റിംഗ്. എയര്‍ സെയ്‌ഷെൽസ് വിമാനമാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിംഗ് നടത്തിയത്. ഇന്നല രാത്രി 12.15 നായിരുന്നു സംഭവം. വിമാനത്തിന്റെ  കോക്പിറ്റില്‍ നിന്ന് പുകയുടെ ഗന്ധം പരക്കാന്‍ തുടങ്ങിയതോടെ പൈലറ്റ് വിമാനത്താളവുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി ലാന്റിംഗിന് അനുമതി തേടുകയായിരുന്നു.

പൈലറ്റിന്റെ നിർദേശം എത്തിയതോടെ അടിയന്തിര ലാന്റിംഗ് നടത്തുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിയുന്നതിനും വിമാനത്താവളത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. വിമാനത്താവളത്തില്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് മുന്നൊരുക്കം നടത്തി  ലാന്റിംഗിന് അനുമതി നല്‍കുകയായിരുന്നു.

വിമാനം ഇറങ്ങിയ ഉടൻ തന്നെ സുരക്ഷിതമായി യാത്രക്കാരെയും വിമാന ജീവനക്കാരെയും പുറത്തെത്തിക്കുകയുമായിരുന്നുവെന്ന് ഇതു സംബന്ധിച്ച് വിമാനത്താവള അധികൃതര്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. 3 കുട്ടികളുള്‍പടെ 128 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

സെയ്‌ഷെൽസിൽ നിന്ന് ഇസ്രാഈലിലെ ടെൽ അവീവിലേക്ക് പോകുകയായിരുന്ന വാണിജ്യ വിമാനമാണ് സാങ്കേതിക തകരാർ മൂലം തിങ്കളാഴ്ച വൈകുന്നേരം സഊദി അറേബ്യയിലെ ജിദ്ദയിൽ ലാന്റിംഗ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർലൈൻ കമ്പനിയായ എയർ സീഷെൽസ് ഔദ്യോഗിക പ്രസ്താവനയിൽ സംഭവം സ്ഥിരീകരിച്ചു.

നിറയെ ഇസ്രയേലി യാത്രക്കാരുമായി പറന്ന HM22 ഫ്ലൈറ്റ് സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിൽ അടിയന്തര ലാൻഡിംഗ് ആവശ്യമായി വന്നുവെന്നും അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും i24 ന്യൂസ്‌ റിപ്പോർട്ട് ചെയ്തു.