പ്രതികൂല കാലാവസ്ഥ: സഊദിയിലെ ഇന്ത്യൻ സ്‌കൂളിൽ ക്ലാസുകൾ നിർത്തിവെച്ചു

0
3055

ജിദ്ദ/ദമാം/ജുബൈൽ: പ്രതികൂല കാലാവസ്ഥ കാരണം സഊദിയിലെ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളുകളിൽ ക്ളാസുകൾ നിർത്തിവെച്ചു. ജിദ്ദ, ദമാം, ജുബൈൽ തുടങ്ങി വിവിധ എംബസി സ്കൂളുകൾ ഇത് സംബന്ധിച്ച് സർക്കുലറുകൾ പുറത്തിറക്കി.

ജിദ്ദാ നഗരത്തിൽ ശക്തമായ ചൂട് തുടരുന്നതിനാൽ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ക്ലാസുകൾ തുറക്കുന്ന തീയതികളിൽ മാറ്റം വരുത്തി അധികൃതർ നേരത്തെ പുറത്തിറക്കിയ സർക്കുലർ അപ്ഡേറ്റ് ചെയ്തു. കെ ജി ക്ലാസുകൾക്ക് പുറമെ 1 മുതൽ 8 വരെയുള്ള എല്ലാ ക്ലാസുകളും തുറക്കുന്നത് ഈ മാസം 31 വരെ നീട്ടി വെച്ചതായി പുതിയ സർക്കുലറിൽ പറയുന്നു. നേരത്തെ 1-8 ക്ലാസുകാർക്ക് ഓൺലൈൻ പഠനം ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത്.

അതേസമയം 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് നാളെ മുതൽ 31 ആം തീയതി വരെ ഓൺലൈൻ പഠനം ഉണ്ടായിരിക്കും. നേരത്തെ ഇവർക്ക് ആഗസ്ത് 21 തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകൾ (ഓഫ് ലൈൻ) ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. അതേ സമയം മുഴുവൻ ക്ലാസുകാർക്കും സെപ്തംബർ 3 ഞായർ മുതൽ ഓഫ് ലൈൻ ക്ലാസുകൾ സാധാരണ സ്കൂൾ സമയത്ത് അരംഭിക്കുമെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു.

കെജി, സ്‌പെഷ്യൽ കെയർ വിഭാഗവും 1 മുതൽ 8 വരെയുള്ള ക്ലാസുകളും ആഗസ്റ്റ് വ്യാഴാഴ്ച 31 വരെ അവധി നീട്ടിയതായി ദമാം ഇന്ത്യൻ സ്‌കൂളും സർക്കുലർ പുറത്തിറക്കി. 9 മുതൽ 12 വരെയുള്ള ക്ലാസുകൾ 2023 ഓഗസ്റ്റ് 21 മുതൽ ഓഗസ്റ്റ് 31 വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. ബന്ധപ്പെട്ട ക്ലാസിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട ക്ലാസ് ടീച്ചർമാർ ലോഗ് ഇൻ വിശദാംശങ്ങൾ പങ്കിടും.

സെപ്തംബർ 03 ഞായറാഴ്ച മുതൽ എല്ലാ ക്ലാസുകൾക്കും കൃത്യമായ സ്കൂൾ സമയം പിന്തുടരുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

വേനലവധി കഴിഞ്ഞ് നാളെ തുറക്കില്ലെന്ന് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്‌കൂളും അറിയിച്ചു. കനത്ത ചൂട് തുടരുന്നതിനാല്‍ ഓഗസ്റ്റ് 21 മുതല്‍ 31 വരെ ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കും.
കെജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് 31 വരെ അവധിയാണ്. കെ.ജി മുതല്‍ 12 ക്ലാസുവരെയുള്ളവര്‍ക്ക് റഗുലര്‍ ക്ലാസുകള്‍ സെപ്തംബര്‍ മൂന്നിനാണ് തുടങ്ങുക. കുട്ടികള്‍ ഓണ്‍ലൈനില്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രിന്‍സിപ്പാള്‍ മീര റഹ്മാന്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.

റിയാദില്‍ സേവ സ്‌കൂള്‍, അല്‍യാസ്മിന്‍, മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളും നാളെ തുറക്കില്ല. എന്നാല്‍ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നാളെ തുറക്കും. 11.30 മണിവരെയാണ് സ്‌കൂള്‍ സമയം. അല്‍ആലിയ, യാര ഇന്റര്‍നാഷണല്‍, മോഡേണ്‍ സ്‌കൂളുകളും നാളെ തുറക്കും.