റിയാദ്: പ്രാർത്ഥനകളും, അന്വേഷണങ്ങളും വിഫലമായി, സഊദിയിലെ നജ്റാനിൽനിന്ന് റിയാദിലെത്തി കാണാതായ കന്യാകുമാരി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ജൂലൈ 25ന് നജ്റാനിൽനിന്ന് റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ കന്യാകുമാരിയിലെ അരുമനൈ തെറ്റിവിളൈ മറുതര വിളാഗം സ്വദേശി ജോൺ സേവ്യറാണ് (43) മരിച്ചത്. മൃതദേഹം റിയാദ് സുമേശി ആശുപത്രിയിലാണുള്ളത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൃതദേഹം റിയാദ് സുമേശി മോർച്ചറിയിലുള്ളതായി വിവരം ലഭിച്ചതായും മജ്മ സ്വാലിഹ് ഭായിയുമായി ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പൂർത്തിയാക്കുന്നുവെന്നും റിയാദിലെ സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂർ അറിയിച്ചു.
ജോൺ സേവ്യറെ കാണാതായ വിവരവും അന്വേഷണവുമായി സാമൂഹ്യപ്രവർത്തകർ രംഗത്തെത്തിയതും നാല് ദിവസം മുമ്പ് മലയാളം പ്രസ്സ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. 2022 ജൂലൈ ഒമ്പതിനാണ് നജ്റാനിൽ മേസൺ ജോലിക്കായി നാട്ടിൽ നിന്നെത്തിയത്. കരാറെടുത്ത് ജോലി ചെയ്ത വകയിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാവുകയും പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതറിഞ്ഞ റിയാദിലുള്ള സുഹൃത്ത് തന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, റിയാദിലെത്തി സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കഴിഞ്ഞില്ല. ഇതോടെ മാനസിക പ്രയാസത്തിലായ ജോൺ സേവ്യർ അസീസിയ ബസ് സ്റ്റാൻഡിൽനിന്നും നാട്ടിലുള്ള മകനെ വിളിച്ച് റിയാദിലേക്ക് വരാൻ പറഞ്ഞ സുഹൃത്ത് ചതിക്കുകയായിരുന്നെന്ന് പറയുകയായിരുന്നത്രെ.
ഇതിന് ശേഷം ആളെ കുറിച്ച് ഒരു വിവരവുമില്ലാതാവുകയായിരുന്നു. പിന്നീട് അസീസിയ ഭാഗത്ത് അലഞ്ഞുതിരിയുന്നത് കണ്ടതായി വിവരങ്ങൾ കിട്ടുകയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. തുടർന്ന് ജീവകാരുണ്യപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ അസീസിയ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




