ഹജ്ജിനെത്തിയ മലയാളിയെ ഇനിയും കണ്ടെത്തിയില്ല; വ്യാപക അന്വേഷണവുമായി കെഎംസിസി, സഹായം അഭ്യർത്ഥിച്ച് വിവിധ ഭാഷകളിൽ പോസ്റ്റർ

0
2548

മക്ക: ഈ വർഷത്തെ ഹജിനിടെ കാണാതായ മലയാളിയെ ഇനിയും കണ്ടെത്താനായില്ല. കാണാതായി ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം പല വിധത്തിൽ നടത്തിയിട്ടും ഇത് വരെ ഒരു സൂചനയും ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം മറ്റു തലങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ് കെഎംസിസി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ ഹാജിയെ ആണ് കാണാതായിരുന്നത്. മറവി രോഗവും ചെറിയ രീതിയിൽ മാനസിക പ്രശ്‌നങ്ങളുമുള്ള ഇദ്ദേഹത്തെ ഹജ് വേളയിലാണ് കാണാതായത്. നേരത്തെ സഊദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം നേരത്തെ തന്നെ കെഎംസിസി തുടങ്ങിയിരുന്നു. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഇല്ലാത്തതിനെ തുടർന്ന് വിവിധ ഭാഷകളിൽ പോസ്റ്ററുകൾ തയ്യാറാക്കി ശ്രമം തുടരുകയാണ് കെഎംസിസി.

സഊദിയുടെ മുഴുവൻ മേഖലകളിലും എത്താൻ പാകത്തിലുള്ള പോസ്റ്ററുകളാണ് തയ്യാറാക്കിയത്. മലയാളത്തിനു പുറമെ അറബി, ഇംഗ്ളീഷ് തുടങ്ങി വിവിധ ഭാഷകളിൽ പോസ്റ്ററുകൾ ഇറക്കിയിട്ടുണ്ട്. ബംഗ്ല, ഹിന്ദി തുടങ്ങി മറ്റു ഭാഷകളിലും പോസ്റ്ററുകൾ ഇറക്കി അന്വേഷണം വ്യാപകമാക്കുകയാണ് കെഎംസിസി.

ഇക്കഴിഞ്ഞ ജൂലൈ 8 നാണ് മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ എന്നയാളെ മക്കയിൽ നിന്ന് കാണാതാകുന്നത്. ഭാര്യയോടും ഭാര്യാ സഹോദരിയോടുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം. ഹജ്ജ് കർമ്മങ്ങൾ അവസാനിച്ച ശേഷം ഒരു ദിവസം രാവിലെ ഹറമിനടുത്തുള്ള ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ച് വന്നിട്ടില്ല.

അഞ്ച് വർഷത്തോളമായി ഇദ്ദേഹത്തിന് മറവി രോഗമുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. അതിനാൽ തന്നെ വഴി തെറ്റി സഞ്ചരിച്ചതാകാം എന്ന നിഗമനത്തിലാണ് ബന്ധുക്കൾ. പിതാവിനെ കാണാതായതറിഞ്ഞ് നാട്ടിൽ നിന്ന് മകൻ ഷബീറും അന്വേഷണത്തിനായി മക്കയിലെത്തിയിട്ടുണ്ട്. കാണാതായി രണ്ട് ദിവസത്തിന് ശേഷം മക്കയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള നുസ്ഹയിൽ വെച്ച് ഒരു മലയാളി കണ്ടതായും അദ്ദേഹത്തോട് ഹറമിലേക്കുള്ള വഴി അന്വേഷിച്ചതായും വിവരം ലഭിച്ചിരുന്നു.

മക്കയിലെത്തുന്ന തീർഥാടകരെ കാണാതാകുന്നതും വഴി തെറ്റി പോകുന്നതും സാധാരണ സംഭവമാണ്. എന്നാൽ ഇവരെയൊക്കെ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കണ്ടുകിട്ടാറാണ് പതിവ്. മൊയ്തീനെ കാണാതായതിന് ശേഷം കണ്ണീരും പ്രാർത്ഥനകളുമായി കഴിഞ്ഞ് കൂടുകയാണ് കുടുംബം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 050 233 6683 എന്ന നമ്പറിൽ സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂരിനെ അറിയിക്കണമെന്ന് ബന്ധുക്കൾ അറിയിക്കുന്നു. ഇത് സംബന്ധിച്ച് നേരത്തെ മലയാളം പ്രസ്സ് പ്രസിദ്ധീകരിച്ച വാർത്ത താഴെ👇

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക