എട്ട് വർഷം മുമ്പ് എക്‌സിറ്റിൽ പോയ ഇദ്ദേഹത്തിന്റെ 15 വർഷം മുമ്പത്തെ കേസിൽ നിന്നാണ് ഇപ്പോൾ മോചനമായത്
ദമാം: ഹജ്ജിനെത്തിയപ്പോൾ മടങ്ങാനൊരുങ്ങവേ ജിദ്ദയിൽ കുടുങ്ങിയ മലയാളിക്ക് ഇനി നാടണയാം. 15 വർഷം മുമ്പ് സഊദിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കുരുങ്ങി മടക്കയാത്ര മുടങ്ങിയ മലപ്പുറം സ്വദേശിക്കാണ് സഊദിയിൽ നിന്ന് പോകാൻ അനുമതിയായത്. ഹജ്ജിന് കുടുംബസമേതം എത്തിയ മലപ്പുറം സ്വദേശി സ്വദേശിയുടെ നാട്ടിലേക്കുള്ള മടക്കയാത്ര മുടങ്ങിയ വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരുന്നത്. മലയാളം പ്രസ്സ് ന്യൂസ് പോർട്ടലും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
പഴയ ഒരു കേസിലെ പുലിവാലാണ് ജിദ്ദയിൽ ഇദ്ദേഹത്തെ തടയാൻ കാരണം. ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിൽ എത്തിയപ്പോൾ ജവാസാത്തുമായി ബന്ധപ്പെടാൻ ഇദ്ദേഹത്തിനു നിർദ്ദേശം നൽകുകയായിരുന്നു. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് കാലങ്ങൾ പഴക്കമുള്ള കേസിന്റെ കുരുക്കുകൾ അഴിക്കാനായത്.
30 വർഷം ഇദ്ദേഹം സഊദിയിൽ പ്രവാസിയായിരുന്നു. ദമാമിൽ ടൊയോട്ട പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തുവരുന്നതിനിടയിൽ എട്ട് വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് മടങ്ങി. ശേഷം ഭാര്യയും ബന്ധുക്കളുമായി ഈ വർഷത്തെ ഹജ്ജിന് വന്നതായിരുന്നു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ നൂറോളം പേരുടെ സംഘത്തിലാണ് വന്നത്. സഊദിയിലേക്ക് പ്രവേശിക്കുമ്പോൾ ഇദ്ദേഹത്തിന് യാതൊരു എമിഗ്രേഷൻ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാൽ ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിൽ എത്തിയപ്പോഴാണ് ജവാസാത്തുമായി ബന്ധപ്പെടാൻ ഇദ്ദേഹത്തിനു നിർദ്ദേശം ലഭിച്ചത്.
ദമാമിലെ ഷമാലിയ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ടെന്നും അത് പരിഹരിച്ചാൽ മാത്രമേ നാട്ടിലേക്ക് മടങ്ങാനാകൂ എന്നും ജവാസത്ത് അധികൃതർ അറിയിച്ചു. തുടർന്ന് കൂടെയുണ്ടായിരുന്ന കുടുംബത്തെ നാട്ടിലേക്ക് അയച്ച് ഇദ്ദേഹം മുമ്പ് 30 വർഷം ജോലി ചെയ്തിരുന്ന ദമാമിലേക്ക് പോകുകയായിരുന്നു. എട്ടു വർഷം മുമ്പാണ് ഇദ്ദേഹം ഫൈനൽ എക്സിറ്റിൽ സഊദിയിൽ നിന്ന് പോയത്. അതിന്റെ ആറോ ഏഴോ വർഷം മുമ്പ് ഒരു സിറിയൻ പൗരനുമായി ഒരു തർക്കം ഉണ്ടാകുകയും പോലീസ് സ്റ്റേഷനിൽ പോകുകയും തുടർന്ന് പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു.
അന്ന് അതിന്റെ പേരിൽ പൊലീസ് സ്റ്റേഷനിൽ പോേകണ്ടി വന്നെങ്കിലും വഴക്കിട്ട ആളുമായി അപ്പോൾ തന്നെ രമ്യതയിലായി കേസില്ലാതെ തിരികെ പോരുകയായിരുന്നു. അതിനുശേഷം പലതവണ നാട്ടിൽ പോയി മടങ്ങിവരികയുമൊക്കെ ചെയ്തിരുന്നു. ശേഷം പല തവണ ഇദ്ദേഹം നാട്ടിൽ പോകുകയും ചെയ്തിരുന്നു. പക്ഷെ, ഇപ്പോഴാണ് ഇത് പുലിവാലായി എത്തിയത്. ഹജ്ജിനെത്തി മടങ്ങാൻ കഴിയാതെ വന്നതോടെ ഭാര്യയെയും മറ്റ് കുടുംബാംഗങ്ങളെയും നാട്ടിലേക്ക് പറഞ്ഞുവിട്ട ഇദ്ദേഹം ദമാമിലെത്തി സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടു.
ഷമാലിയ പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷിപ്പോഴാണ് കേസ് എന്താണെന്നും ജയിൽവാസവും 80 അടിയും ശിക്ഷയായി വിധിച്ചിരിക്കുകയാണെന്നും അറിയാൻ കഴിഞ്ഞത്. എന്തായാലും ശിക്ഷയായി വിധിച്ച 80 അടി ഏറ്റുവാങ്ങാതെ കേസിൽനിന്ന് ഒഴിവാകാനാവില്ലെന്ന് മനസിലായി. തുടർന്ന് ഉദ്യോഗസ്ഥർ മനസ്സുവെച്ചതുകൊണ്ടാണ് കേസിന്റെ കുരുക്കുകളിൽനിന്ന് വേഗം മോചിതനായതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കേസിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ അനുഭാവപൂർവം ഇടപെട്ട് പെട്ടെന്ന് കാര്യങ്ങൾ പരിഹരിച്ചതോടെ കേസില്ലാതായതോടെ ഇനി നാട്ടിലേക്ക് മടങ്ങാം. ഇത് സംബന്ധമായി കഴിഞ്ഞ ദിവസം മലയാളം പ്രസ്സ് ന്യൂസ് പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്ത കാണാം താഴെ 👇




