ജിദ്ദ: നാൽപത്തിയഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.എം.സി.സി ജി.സി.സി കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരിയും മുൻ ട്രഷററും സഊദി നാഷണൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റും ആയിരുന്ന സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരത്തിന് ഐ.എം.സി.സി ജി.സി.സി കമ്മിറ്റി യാത്രയയപ്പ് നൽകി. ഇത്രയും കാലം ഒരേ കമ്പനിയിൽ ജോലി ചെയ്യാൻ സാധിക്കുന്നത് ഏറെ അപൂർവമാണ്.
സഊദിയിലെ ജുബൈൽ, ജിദ്ദ, അൽകോബാർ, റിയാദ് എന്നിവിടങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഐ.എൻ.എൽ രൂപീകരണ കാലം മുതൽ ഷാഹുൽ ഹമീദ് ഐഎംസിസിയുടെ നേതൃത്വത്തിൽ ഉണ്ട്.
മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജംഇയ്യത്തുൽ ഫലാഹ് ഉൾപ്പെടെയുള്ള മറ്റ് സാംസ്കാരിക കൂട്ടായ്മകളുടേയും സ്ഥാപകരിലൊരാളും സഊദിയിലെ കർണാടക പ്രവാസികൾക്കിടയിലെ സജീവ സംഘാടകൻ കൂടിയാണ് അദ്ദേഹം.
യാത്രയയപ്പ് യോഗം പ്രൊഫ. എ.പി അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ഒരേ കമ്പനിയിലെ നീണ്ട നാലര പതിറ്റാണ്ട് കാലത്തെ സേവനം അദ്ദേഹത്തിന്റെ സത്യസന്ധതയും അർപ്പണ മനോഭാവവും തെളിയിക്കുന്നുവെന്നും ഇത് പ്രവാസികളുൾപ്പടെ എല്ലാവർക്കും മാതൃകയാക്കേണ്ട കാര്യമാണെന്നും എപി അബ്ദുൽ വഹാബ് പറഞ്ഞു.
ഐഎംസിസി ജിസിസി കമ്മറ്റി ചെയർമാൻ എഎം അബ്ദുല്ല കുട്ടി അദ്ധ്യക്ഷത വഹിച്ചു.
ഐഎൻഎൽ സംസ്ഥാന ആക്റ്റിങ് പ്രസിഡണ്ട് കെപി ഇസ്മായിൽ, സിപി നാസർ കോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ, സൗദി ഐഎംസിസി മുൻ പ്രസിഡണ്ട് കെ പി അബൂബക്കർ, ഷരീഫ് താമരശ്ശേരി, ഹമീദ് മധൂർ (കുവൈത്ത്), കാസിം മലമ്മൽ (ബഹറൈൻ), റഷീദ് താനൂർ (യുഎഇ), മൻസൂർ കൊടുവള്ളി, മജീദ് ചിത്താരി, നംശീർ ബഡേരി, ബഷീർ വളാഞ്ചേരി, നിസാർ എലത്തൂർ, ഗഫൂർ (ഖത്തർ), എപിഎ ഗഫൂർ, മൻസൂർ വണ്ടൂർ, ഇബ്രാഹിം വേങ്ങര (ജിദ്ദ), മുഫീദ് കൂരിയാടൻ, നവാഫ് ഒസി (ദമാം), ഷരീഫ് കൊളവയൽ, നിസാം തൃക്കരിപ്പൂർ, ആഷിക് മലപ്പുറം, നിസാം തിരുവനന്തപുരം (യു.എ.ഇ) എന്നിവർ പ്രസംഗിച്ചു.
സയ്യിദ് ഷാഹുൽ ഹമീദ് മറുപടി പ്രസംഗം നടത്തി. ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ജനറൽ കൺവീനർ പി.പി സുബൈർ സ്വാഗതവും ട്രഷറർ പുളിക്കൽ മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.




