റിയാദ്: വിദേശത്ത് നിന്നുള്ള ഉംറ തീർത്ഥാടകർക്ക് ഉംറ ഇൻഷുറൻസ് പോളിസിയുടെ പ്രയോജനങ്ങൾ പ്രധാനമായും നാല് സന്ദർഭങ്ങളിൽ ലഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം. നഷ്ടരിഹാരമായി ഇൻഷുറൻസ് കവറേജ് 100,000 റിയാൽ വരെ ലഭിക്കുമെന്നു സഊദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. സഊദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്ന എല്ലാ തീർത്ഥാടകർക്കും ഉംറ ഇൻഷുറൻസ് പോളിസി നിർബന്ധമാണെന്നും ഇത് വിസ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ വിസക്കാർക്ക് സമഗ്രമായ കവറേജ് നൽകുന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്ന ഇൻഷുറൻസ്. അടിയന്തര ആരോഗ്യ കേസുകൾ, അടിയന്തര കൊവിഡ് -19 രോഗബാധ, അപകടങ്ങൾ, മരണങ്ങൾ, ഫ്ലൈറ്റുകളുടെ റദ്ദാക്കൽ അല്ലെങ്കിൽ കാലതാമസം എന്നിവക്കുള്ള നഷ്ടപരിഹാരം എന്നിങ്ങനെ വിവിധ കാര്യങ്ങൾ ഉംറ ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്നുള്ള തീർത്ഥാടകർക്ക് നിർബന്ധിത ഉംറ ഇൻഷുറൻസ് പോളിസിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ 100,000 റിയാൽ വരെയാണ്, മന്ത്രാലയം സ്ഥിരീകരിച്ചു.
വിശുദ്ധ മണ്ണിലേക്ക് വരുന്ന അല്ലാഹുവിന്റെ അതിഥികൾക്കായുള്ള സമഗ്ര ഇൻഷുറൻസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://www.riaya-ksa.com എന്ന വെബ്‌സൈറ്റ് വഴിയും സഊദിക്കകത്ത് നിന്ന് 8004400008 എന്ന നമ്പർ വഴിയും വിദേശരാജ്യങ്ങളിൽ നിന്ന് 00966138129700 എന്ന ഫോൺ നമ്പർ വഴിയും അറിയാൻ സാധിക്കും.




