മാളില്‍ കോഫി കുടിച്ചും ഹോട്ടലിലും മെട്രോയിലും കയറിയും ദുബൈ ഭരണാധികാരി- വീഡിയോ വൈറൽ

0
1881

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്നലെ 74-ാം ജന്മദിനമായിരുന്നു. യുഎഇയുടെയും ദുബൈയുടെയും വളര്‍ച്ചയ്ക്കും പരിവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്. തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക് സ്വദേശികളോടൊപ്പം പ്രവാസികളും ജന്മദിനാശംസകള്‍ നേര്‍ന്നു.

ജന്മദിനത്തിന്റെ തലേന്ന് യുഎഇ ജനങ്ങളുടെ പ്രിയപ്പെട്ട വിവിധ സ്ഥലങ്ങളില്‍ ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തിയിരുന്നു. മാളിലും ഹോട്ടലിലും ദുബൈ മെട്രോയിലും സന്ദര്‍ശനം നടത്തിയ ദുബൈ ഭരണാധികാരിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ദുബൈ മെട്രോയില്‍ നഗരത്തിന്റെ കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ ദുബൈ ആര്‍ടിഎ പങ്കുവെച്ചിരുന്നു. ദുബൈ മാളിലൂടെ നടക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്. മാളിലിരുന്ന കോഫി കുടിക്കുന്ന ദുബൈ ഭരണാധികാരിയുടെ ദൃശ്യങ്ങളും വൈറലായി. 

തിങ്കളാഴ്ച ദുബൈ വാട്ടര്‍ കനാലിന് ചുറ്റും ശൈഖ് മുഹമ്മദ് സൈക്കിള്‍ ചവിട്ടി പര്യടനം നടത്തിയിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് സ്ഥലങ്ങളില്‍ ശൈഖ് മുഹമ്മദ് പര്യടനം നടത്തി.