ദമാം: കിഴക്കൻ പ്രവിശ്യയിലെ ദഹ്റാൻ – ജുബൈൽ ഹൈവേ അറ്റകുറ്റ പണികൾക്കായി അടക്കുമെന്ന് കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി അറിയിച്ചു. ദഹ്‌റാൻ-ജുബൈൽ മെയിൻ റോഡിൽ ജുബൈലിലേക്കുള്ള അറ്റകുറ്റപ്പണികളും റോഡിന്റെ മെച്ചപ്പെടുത്തലും തിങ്കളാഴ്ച ആരംഭിക്കുമെന്ന് അറിയിച്ചു. നിലവിൽ ദമാം – ജുബൈൽ ഹൈവെയിൽ പലയിടങ്ങളിലും റോഡ് നവീകരണം നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പുതിയ നവീകരണ, റോഡ് അടക്കൽ മുന്നറിയിപ്പ്.
രണ്ട് ഘട്ടങ്ങളിലായി അറ്റകുറ്റപ്പണികൾ നടത്തുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ദഹ്‌റാനിലെ പാലം സമുച്ചയം മുതൽ കിംഗ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ് കവല വരെയുള്ള ആദ്യ ഘട്ടം 5.5 കിലോമീറ്റർ നീളത്തിൽ ആണ് അറ്റകുറ്റ പണികൾ നടക്കുന്നത്.
റോഡ് സെക്യൂരിറ്റി കമാൻഡിന്റെയും കിഴക്കൻ മേഖല ട്രാഫിക്കിന്റെയും സഹകരണത്തോടെ, ദഹ്‌റാൻ-ജുബൈൽ മെയിൻ റോഡിൽ ജുബൈലിലേക്കുള്ള അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ജോലിയുടെ ആവശ്യകത അനുസരിച്ച് റോഡ് അടയ്ക്കുമെന്ന് കിഴക്കൻ പ്രവിശ്യ മുനിസിപ്പാലിറ്റി ട്വിറ്ററിൽ അറിയിച്ചു. റൂട്ട്മാപ്പ് വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്.
രണ്ടാം ഘട്ടം റിയാദ് റോഡ് കവല മുതൽ കിംഗ് ഫഹദ് റോഡ് കവല വരെയും നടക്കും. 4.5 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഭാഗികമായി റോഡ് അടക്കും. രണ്ട് പാതകളിൽ ഭാഗികമായി അടച്ച് ഗതാഗതം രണ്ട് പാതകളിലൂടെ മാത്രമാക്കും. ജോലിയുടെ ആവശ്യകത അനുസരിച്ച് റോഡിലെ പ്രവേശന കവാടങ്ങളിലും മാറ്റം വരുത്തും.
നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും വികസിപ്പിക്കുന്നതിനും, മേഖലയിലെ ജീവിത നിലവാരത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, റോഡ് പ്രകടനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള താൽപ്പര്യങ്ങളുടെ ഭാഗമായാണ് നവീകരണം. പ്രവൃത്തി കാലയളവിൽ റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കാനും ബദൽ റോഡുകൾ ഉപയോഗിക്കാനും അധികൃതർ ആഹ്വാനം ചെയ്തു.




