ദമാം: പത്ത് പേരുടെ മരണത്തിനിടയാക്കിയ വൻ അഗ്നിബാധയുടെ ഞെട്ടൽ മാറും മുമ്പ് ദമാം നഗരത്തിൽ വീണ്ടും അഗ്നിബാധ. ദമാം നഗരത്തിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലാണ് അഗ്നിബാധ ഉണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. മരഉരുപ്പടികൾ നിർമിക്കുന്ന വർക്ക് ഷോപ്പിലാണ് തീ പടർന്നുപിടിച്ചത്.
സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റ തൊഴിലാളിയെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി.
സമാനമായ മറ്റൊരു സംഭവത്തിൽ പടിഞ്ഞാറൻ സഊദിയിലും തീപ്പിടുത്തം ഉണ്ടായി. മദീനക്കടുത്ത യാമ്പുവിൽ പെട്രോൾ ബങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലാണ് തീ പടർന്നുപിടിച്ചത്. യാമ്പു സിവിൽ ഡിഫൻസ് കുതിച്ചെത്തി തീ അണച്ചു. സ്ഥാപനം ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. സമീപത്തെ കൂടുതൽ വ്യാപാര സ്ഥാപനങ്ങളിലേക്കും പെട്രോൾ ബങ്കിലേക്കും തീ പടർന്നുപിടിക്കാതെ നോക്കാൻ സിവിൽ ഡിഫൻസിന് സാധിച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.




