വിമാനം കയറി ദുരിതക്കയത്തിലകപ്പെട്ട 30ലേറെ മലയാളി യുവാക്കൾക്ക് സഹായഹസ്തങ്ങൾ

0
1789

ഷാർജ: യുഎഇയിലേക്ക് വിമാനം കയറി ദുരിതക്കയത്തിലകപ്പെട്ട 30ലേറെ മലയാളി യുവാക്കൾക്ക് യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്ന് സഹായഹസ്തങ്ങൾ. ഐസ്ക്രീം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് സ്വർണ കള്ളക്കടത്തിന് ‘കാരിയറാ’ക്കാൻ വേണ്ടി കൊണ്ടുവന്ന് ഇവർ ഷാർജയിൽ ദുരിതത്തിൽ കഴിയുകയായിരുന്നു.

കൂടാതെ, നാല് പേർക്ക് ഷാർജയിലെ ഒരു ഫാക്ടറിയിൽ പായ്ക്കിങ് ജോലിക്കുള്ള ഇൻ്റർവ്യൂ ഇന്നലെ കഴിഞ്ഞു. ഫ്ലാറ്റിന് ഇസ്മായീൽ വാടക നൽകാത്തതിനാൽ ജൂൺ 27 ചൊവ്വാഴ്ച രാത്രി ഒഴിയണമെന്ന് യുവാക്കളെ കെട്ടിട കാവൽക്കാരൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് പെരുന്നാൾ കഴിഞ്ഞ് മതിയെന്ന് അറിയിച്ചത് ആശ്വാസമായി.

ഇന്ത്യൻ കോൺസുലേറ്റും ഷാർജ ഇന്ത്യൻ അസോസിയേഷനും വൈകാതെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇവരെ ചതിയിൽപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സ്വർണ കള്ളക്കടത്തു സംഘാംഗമെന്ന് സംശയിക്കുന്ന ഇസ്മായീൽ എന്ന മലയാളിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.

തിരുവനന്തപുരം വർക്കല സ്വദേശികളാണ് യുഎഇയിലേക്ക് വിമാനം കയറി ദുരിതക്കയത്തിലകപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി ഷാർജ റോളയിലെ പഴയൊരു കെട്ടിടത്തിലെ കുടുസുമുറിയിൽ ഭക്ഷണമോ എയർ കണ്ടീഷണറോ ഇല്ലാതെ തിങ്ങി ഞെരുങ്ങി കഴിയുകയായിരുന്നു ഇവർ.

ഹാബിസ്, ഹാഷിം, അനസ്, വിഷ്ണു, ഉബൈദ്, അല്‍ അമീൻ, അജ് മൽ, അബ്ദുൽ ഹഖ്, മുഹമ്മദ് റിസ് വാൻ, മുഖ്താർ, സഹീർ, ഫൈസി, സദീഖ്, അമീൻ, നസീം, അൽ അമീൻ, നസീം, ഹസൻ, അൽ ഹൈസ്, ഷാജഹാൻ, സൗമീർ, ഉബൈദ്, അലി, മുഹമ്മദ്, ഹാഷിം, വിഷ്ണു, അജ് മൽ, സജീർ, ഹനീഷ്, അബി, സാലി, ഉണ്ണി തുടങ്ങിയവരാണ് തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയോടെ കഴിയുന്നത്. 20  മുതൽ 39 വരെ പ്രായമുള്ളവരാണിവരെല്ലാം. 

കഴിഞ്ഞ മാസം 25 മുതലാണ് കുടുംബങ്ങളുടെ ഏക ആശ്രയമായ ഇവർ യുഎഇയിലെത്തിയത്. ഷാർജയിൽ പുതുതായി ആരംഭിച്ച  െഎസ്ക്രീം കമ്പനിയിൽ മികച്ച ജോലി നൽകാം എന്ന് പറഞ്ഞ് നാട്ടുകാരനായ അസീം എന്നയാളാണ് ഒരു ലക്ഷം രൂപ വീതം കൈക്കലാക്കി വിമാനം കയറ്റി വിട്ടത്. പലരും ബന്ധുക്കളോടും സുഹൃത്തുക്കളോടും കടം വാങ്ങിയും സ്വർണം ബാങ്കിലും ബ്ലേഡ് കമ്പനിയിലും പണയം വച്ചുമായിരുന്നു ഇൗ പണം സ്വരൂപിച്ചത്. പ്രതീക്ഷയോടെ യുഎഇയിലെത്തിയ ഇവരെ അസീമിന്റെ സംഘത്തിൽപ്പെട്ട ഇസ്മായിൽ എന്നയാൾ ഷാർജ റോളയിലെ കുടുസുമുറിയിലെത്തിക്കുകയായിരുന്നു. തുടർന്ന് എല്ലാവരുടേയും പാസ്പോർട്ടും ഇയാൾ വാങ്ങിവച്ചു.

ആദ്യദിനം ഭക്ഷണവും മറ്റും കൃത്യമായി നൽകി. എന്നാല്‍, നാളുകള്‍ കഴിയവെ  െഎസ്ക്രീം കമ്പനിയിലെ ജോലിയെക്കുറിച്ചോ മറ്റോ ഇസ്മായിലോ ഇയാളുടെ കൂട്ടാളികളോ യാതൊന്നും പറഞ്ഞില്ല. ഇതോടെ ആശങ്കയിലായ യുവാക്കൾ ചോദിക്കുമ്പോഴൊക്കെ ഉടൻ ജോലിയിൽ പ്രവേശിക്കാൻ പറ്റുമെന്നായിരുന്നു ഇസ്മായിലിന്റെ മറുപടി. നാട്ടിലുള്ള അസീമിനെ ബന്ധപ്പെട്ടപ്പോൾ, ആദ്യമൊക്കെ ഉടൻ ജോലി ശരിയാകുമെന്നു പറഞ്ഞെങ്കിലും പിന്നീട് മൊബൈൽ സ്വിച്ഡ് ഒാഫ് എന്ന സന്ദേശമാണ് ലഭിക്കുന്നത്.