വിമാന ടിക്കറ്റ് ഇരട്ടിയിലേറെ…. വേനലവധിക്കാലത്ത് നാട്ടിൽ പോകാനാകാതെ മലയാളി കുടുംബങ്ങൾ

0
1611

ദുബൈ: വിമാന ടിക്കറ്റ് ഇരട്ടിയിലേറെ. വേനലവധിക്കാലത്ത് നാട്ടിൽ പോകാനാകാതെ ഒട്ടേറെ മലയാളി കുടുംബങ്ങൾ. രണ്ട് മാസം സ്കൂൾ അടയ്ക്കുന്നതിനാൽ എല്ലാ വർഷവും നാട്ടിൽ പോകാറുള്ള അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. 

ബലി പെരുന്നാളാഘോഷിക്കാൻ നാട്ടിൽ പോകാനാഗ്രഹിച്ച സാധാരണക്കാരും പതിവ് നിരക്കിലും ഇരട്ടിയിലേറെ തുക നൽകാനാകാതെ  യാത്ര മാറ്റിവച്ചിരിക്കുകയാണ്.

അവധിക്കാലങ്ങളിലും വിശേഷ ദിവസങ്ങളിലും ഇന്ത്യയിലേക്കും തിരിച്ചും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികളുടെ പ്രവണത ഇക്കുറി നേരത്തെ തന്നെ തുടങ്ങി. പെരുന്നാളടുക്കുന്നതോടെ അനുദിനം നിരക്ക് വർധിക്കുകയാണ്. നാളെ ദുബായിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് 3,000 ദിർഹത്തിലേറെ(66,000 ത്തിലേറെ രൂപ)യാണ് ടിക്കറ്റ് നിരക്ക് വിവിധ ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ കാണുന്നത്. 

ബലി പെരുന്നാളിന് തലേദിവസമായ ഈ മാസം 27ന് അത് 3500 ദിർഹത്തോളമായി ഉയർന്നു. പ്രവാസി സംഘടനകളും മറ്റും കാലങ്ങളായി ഇത്തരത്തിലുള്ള കൊള്ളയടിക്കലിനെതിരെ അധികൃതർക്ക് പരാതികളും നിവേദനങ്ങളും നൽകുന്നുണ്ടെങ്കിലും  യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി വിമാന സർവീസുകൾ ഇല്ലാത്തതും എയർ ഇന്ത്യയടക്കം പല വിമാന കമ്പനികളും യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാനങ്ങൾ പിൻവലിച്ചതുമാണ് ടിക്കറ്റ് നിരക്ക് വർധന തുടരാൻ കാരണമെന്ന് ട്രാവൽ ഏജൻസിക്കാർ പറയുന്നു. എയർ ഇന്ത്യ വിമാനം എയർ ഇന്ത്യ എക്സ്പ്രസ് ആക്കുന്നതിനാൽ സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. 

കഴിഞ്ഞ ഏതാനും മാസമായി യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് 500 ദിർഹത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, കണക് ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ നിരക്ക് നേരിയ തോതിൽ കുറയും. മുംബൈ, ചെന്നൈ, ഡൽഹി, ഗോവ, ശ്രീലങ്ക തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്കാണ് കേരളത്തിലേക്ക് പോകാൻ കണക്ഷൻ വിമാനത്തിൽ ടിക്കറ്റെടുക്കേണ്ടത്. പക്ഷേ, ഇവിടുത്തെ വിമാനത്താവളങ്ങളിൽ 10 മണിക്കൂറോളം കാത്തിരുന്നാൽ മാത്രമേ കണക്ഷൻ വിമാനത്തിൽ കയറാൻ സാധിക്കൂ.