കുവൈത്ത് സിറ്റി: പ്രവാസി ബാച്ചിലര്‍മാര്‍ക്കായി വാടകയ്ക്ക് എടുത്തിരുന്ന വീട്ടില്‍ മദ്യ നിര്‍മാണം. രാജ്യത്തെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുടുംബത്തോടൊപ്പമല്ലാതെ പ്രവാസികള്‍ താമസിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നടത്തിവരുന്ന റെയ്‍ഡിനിടെയാണ് മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.
സബാഹ് അല്‍ സലീം ഏരിയയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. പരിശോധനയ്ക്ക് എത്തിയ പ്രത്യേക സംഘത്തിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യ നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ നിന്ന് കണ്ടെടുത്ത സാധനങ്ങള്‍ നശിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നിയമ നടപടികളും സ്വീകരിച്ചുവരികയാണ്.




