പ്രവാസികളുടെ യാത്രാ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു

0
2001

അബുദാബി: പ്രവാസി മലയാളികളുടെ യാത്രാ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുമെന്ന പ്രതീക്ഷയിൽ പ്രവാസ ലോകം. 2 ദിവസം ദുബായിൽ തങ്ങുന്ന മുഖ്യമന്ത്രിക്കു മുന്നിൽ ഉയർന്ന വിമാനനിരക്കും സീറ്റുകളുടെ കുറവും ശ്രദ്ധയിൽപ്പെടുത്താൻ ഒരുങ്ങുകയാണ് പ്രവാസികൾ.

കേന്ദ്രത്തിൽ സമ്മർദം ചെലുത്തി പ്രശ്നപരിഹാരമാണ് മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പുതിയ സർവീസ് ഇല്ലെന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന വിമാനങ്ങൾ പോലും ഇല്ലാതാവുകയാണ്. കൊച്ചിയിലേക്കു മാത്രമാണ് എയർ ഇന്ത്യ സർവീസ്. 26ന് സ്കൂൾ അടയ്ക്കുകയാണ്. പ്രവാസിക്ക് നാട്ടിൽ പോകണമെങ്കിൽ ഒരുവശത്തേക്ക് 70,000 രൂപയാണ് ഇന്നലത്തെ ചെലവ്. ദിവസം കഴിയുംതോറും ഇത് വർധിക്കുന്നു. ഒരു കുടുംബത്തിനു പോകാൻ ഒരുവശത്തേക്ക് 3 ലക്ഷം രൂപയെങ്കിലും വേണം.

കണ്ണൂരിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക്. സാധാരണ പ്രവാസിയുടെ രണ്ടുവർഷത്തെ സമ്പാദ്യം സ്വരുക്കൂട്ടിയാൽ പോലും ടിക്കറ്റെടുക്കാൻ തികയില്ല. ഇത്രയും കൊടുത്താൽ പോലും നേരിട്ടു കേരളത്തിലെത്താൻ കഴിയില്ല. 10 മണിക്കൂറെങ്കിലും കാത്തിരുന്ന യാത്ര ചെയ്യുന്നതിനാണ് ഈ നിരക്ക്. നേരിട്ടുള്ള വിമാനത്തിൽ നിരക്ക് ഇനിയും കൂടും.