മംഗളൂരു: മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. മംഗളൂരു സോമേശ്വർ ബീച്ചിലായിരുന്നു വിദ്യാർഥികൾക്ക് നേരെ ആക്രമണം ഉണ്ടായത്. മതം ചോദിച്ചായിരുന്നു അക്രമമെന്ന് വിദ്യാർഥികൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പെൺകുട്ടികളും ആൺകുട്ടികളും അടക്കമുള്ളവർ സോമേശ്വർ ബീച്ചിൽ ഇരിക്കുകയായിരുന്നു. ഇതിനിടെ ഇവിടെ എത്തിയ ഒരു സംഘം ആളുകൾ ഇവരോട് വിവരങ്ങൾ ചോദിച്ചു. വിദ്യാർഥികൾ വ്യത്യസ്ത മതത്തിൽപെട്ടവരാണെന്ന് അറിഞ്ഞതോടെ സംഘത്തിൽപെട്ടവർ അശ്ലീലം പറയുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു.
ആക്രമണത്തിൽ മൂന്ന് ആൺകുട്ടികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്രോളിങ്ങിൽ ഉണ്ടായിരുന്ന പോലീസ് എത്തിയതോടെ അക്രമികൾ സ്ഥലം വിടുകയായിരുന്നു.




