മുതലെടുപ്പ് നടത്തി പ്രശ്നം തെരുവിലേക്ക് വലിച്ചിഴച്ച് ഒരു വിഭാഗം; കോഴിക്കോട്ട് ലീഗ്- സമസ്ത നേതാക്കളുടെ കൂടിക്കാഴ്ച

0
3211

കോഴിക്കോട്: വാഫി കോഴ്‌സുമായി ബന്ധപ്പെട്ട് സമസ്തയിൽ ഉടലെടുത്ത പ്രശ്‌നം തെരുവിൽ സംഘർഷത്തിലേക്ക് വഴിമാറിയതോടെ പ്രശ്‌നപരിഹാരത്തിന് സമസ്തയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കൾ തമ്മിൽ കോഴിക്കോട്ട് അപ്രതീക്ഷിത ചർച്ച. ആനുകാലിക വിഷയങ്ങളെല്ലാം ചർച്ച ചെയ്തതായും ചർച്ചയുടെ തീരുമാനം പിന്നീട് പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, എം.സി. മായിൻ തങ്ങൾ എന്നിവരും സമസ്തയെ പ്രതിനിധീകരിച്ച് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, ആലിക്കുട്ടി മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്ല്യാർ, എം.ടി അബ്ദുള്ള മുസ്‌ലിയാർ തുടങ്ങിയവരും പങ്കെടുത്തു.

വാഫി വിഷയത്തിൽ ഹകീം ഫൈസി ആദശ്ശേരിക്ക് അനുകൂലമായി ലീഗ് നിലപാടെടുത്തതോടെ ലീഗിനോടും സമസ്തയിൽ അസംതൃപ്തി ഉടലെടുത്തിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം പെരുവള്ളൂരിൽ വാഫി കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ സംഘർഷം ഉടലെടുക്കുകയും സ്ഥാപനം പോലീസ് അടച്ചുപൂട്ടുകയും ചെയ്തു. സമസ്തക്ക് കീഴിലുള്ള പെരുവള്ളൂർ അറബിക് കോളജ് കമ്മിറ്റിയിൽനിന്ന് സാദിഖലി തങ്ങളെ പുറത്താക്കിയതാണ് സംഘർഷത്തിന് കാരണമായത്. ഈ സാഹചര്യത്തിലാണ് നേതാക്കൾ കോഴിക്കോട്ട് യോഗം ചേർന്നത്.

യോഗത്തിന്റെ ചിത്രം സമസ്ത, ലീഗ് നേതാക്കൾ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. യോഗത്തേക്കുറിച്ച് സമസ്ത നേതാവ് നാസർ ഫൈസിയുടെ ശ്രദ്ധേയമായ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം👇.

ഉമ്മത്തിൻ്റെ കലാലയവും തുറന്ന ദിനം

*കാർമേഘം നീങ്ങുന്നു; മഴവിൽ വർണ്ണം തെളിയുകയാണ്*

സമസ്ത നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും CIC വിഷയത്തിൽ കോഴിക്കോട് ചർച്ച നടത്തി,അന്തിമ തീരുമാനവും പ്രഖ്യാപനവും പിന്നീട്.
ഉരുണ്ടുകൂടിയ കാർമേഘങ്ങൾ പെയ്തിറങ്ങാതെ മഴവിൽ വർണ്ണം തെളിച്ച് മാനം ശാന്തമാവുകയാണ്.
ആശയ പോരാട്ടത്തിനപ്പുറം വ്യക്തിഹത്യ നടത്തിയ സകല പാപക്കറ കളും ബാക്കി വെച്ചു.
ഒരു വാഫി വഫിയ്യ വിഷയത്തിൽ സമസ്തയുടേയും ലീഗിൻ്റെയും അണികളിൽ ചിലർ സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യയിലൂടെ, നേതൃത്വത്തെ ബഹുമാനിക്കാതെ കൊമ്പുകോർത്തു.ആർക്ക് വേണ്ടി, എന്തിന് വേണ്ടി എന്ന് ചിന്തിക്കണം.
സമസ്തയും മുസ്ലിം ലീഗും രണ്ട് സംഘടനയായി നിലകൊള്ളുമ്പോഴും പല മേഖലകളിലും ഒന്നിച്ചു നീങ്ങുന്നവരാണ്. പള്ളി, മദ്രസ, സ്ഥാപനങ്ങൾ, സാംസ്കാരിക-റിലീഫ് മേഖലകൾ, പ്രവാസ സംഘം ചേരൽ… തുടങ്ങി പല മേഖലകളിലും ഈ ചേർന്ന് നിൽക്കലുണ്ട്. അത് കൊണ്ട് തന്നെ ഒന്നിൻ്റെ തീരുമാനം മറ്റേതിനെ ബാധിക്കും.
സമസ്തയും ലീഗും വളർന്ന പശ്ചാത്തലവും പ്രതിയോഗികളെ പ്രതിരോധിച്ച ഇന്നലകളും ഇരു സംഘടനയിലേയും പുതിയ തലമുറയിലെ പലരും പഠിക്കാൻ ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്.
രണ്ട് സംഘടനയുടെ ആഭ്യന്തര പ്രശ്നങ്ങൾ അവരുടെ സ്വന്തമായ കാര്യമാണ്. സമസ്ത നടപടിയെടുത്തവരെ ഹൈലൈറ്റ് ചെയ്ത് പ്രകടിപ്പിക്കേണ്ട കാര്യം ലീഗിലെ ഒരു വേദിക്കുമില്ല. മുസ്ലിം ലീഗ് നടപടിയെടുത്തവരെ ഹൈലൈറ്റ് ചെയ്ത് പ്രകടിപ്പിക്കേണ്ട കാര്യം സമസ്തയിലെ ഒരു വേദിക്കുമില്ല.

പൂർവ്വകാല ചരിത്രങ്ങൾ മറന്ന് ഭിന്നിക്കേണ്ടവരല്ല നാം. മറ്റുള്ളവർക്ക് മുതലെടുപ്പിന് അവസരം നൽകി സ്വയം ക്ഷയിക്കേണ്ടതുമല്ല മുസ്ലിം ഉമ്മത്ത്. സഹകരിക്കാവുന്ന മേഖലകളിൽ നമുക്കൊന്നിച്ച് നിൽക്കാം. ഒന്നിൻ്റെയും അസ്ഥിത്വത്തിന് മറ്റൊന്ന് തടസ്സമാവാതെ. അല്ലാഹു അനുഗ്രഹിക്കട്ടെ.

നാസർ ഫൈസി കൂടത്തായി
2023 ജൂൺ 1

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക