വാട്സാപ് ഉടമകൾക്ക് യൂസർനെയിം തിരഞ്ഞെടുക്കാനുള്ള അവസരം ഒരുങ്ങുന്നു. വാട്സാപ്പിലെ മാറ്റങ്ങൾ മുൻകൂട്ടി പറയുന്ന വാബീറ്റഇൻഫോ ആണ് ഇതിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. വാട്സാപ് ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.23.11.15 ൽ ഇതു കണ്ടു എന്നാണ് വാബീറ്റഇൻഫോ പറയുന്നത്. അതേസമയം, ഇത് ആൻഡ്രോയിഡിനു മാത്രമുള്ള ഫീച്ചർ ആയിരിക്കില്ല, മറിച്ച് ഐഒഎസിലും ലഭ്യമാക്കിയേക്കും.
പുതിയ ഫീച്ചർ വാട്സാപ്പിലെ സെറ്റിങ്സിലുള്ള പ്രൊഫൈൽ വിഭാഗത്തിൽ എത്തുമെന്നാണ് പറയുന്നത്. സെറ്റിങ്സിൽ പോയി യൂസർനെയിം തിരഞ്ഞെടുക്കാം. ഈ യൂസർനെയിം ഉപയോഗിച്ച് മറ്റുള്ളവരുമായും ബിസിനസ്
സ്ഥാപനങ്ങളുമായും ഇടപെടാനാകും.
പുതിയ മാറ്റംകൊണ്ട് എന്തു ഗുണമായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഫോൺ നമ്പർ സ്വകാര്യമാക്കി
വയ്ക്കാമെന്നതായിരിക്കും പ്രധാന
ഗുണം. അതേസമയം, ഇത് മറ്റ്
ഉപയോക്താക്കളിൽനിന്ന് സ്വന്തം ഫോൺ നമ്പർ മറച്ചുപിടിക്കാനുള്ള അവസരമാണോ ഒരുക്കുക എന്നതിനെക്കുറിച്ച് ചില തർക്കങ്ങളുണ്ട്.
ഇന്ത്യയിലാണെങ്കിൽ വാട്സാപ്പിനെ ഒരു സൂപ്പർ ആപ് ആക്കാനുള്ള ശ്രമം ജിയോ നടത്തുന്നുവെന്ന് നേരത്തേ മുതൽ പറഞ്ഞു കേൾക്കുന്ന കാര്യവുമാണ്. ഇത്തരം ബിസിസനസ് സ്ഥാപനങ്ങളുമായി ഇടപെടുമ്പോൾ ഫോൺ നമ്പർ മറച്ചുപിടിക്കാനുള്ള അവസരമായിരിക്കും ഒരുങ്ങുക എന്നും വാദമുണ്ട്.
നമ്പർ ബിസിനസ്
സ്ഥാപനങ്ങളുടെ കയ്യിൽ എത്തുകയും അവർ നേരിട്ട് സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്യുന്നത് ഒഴിവാക്കാനുള്ള ശ്രമമാണെന്നാണ് ഒരു വാദം.
വാട്സാപ്പിലെ യൂസർനെയിം ഫീച്ചർ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഫോൺ നമ്പറുകൾ കൈക്കലാക്കാൻ ശ്രമിക്കുന്നവരെ അകറ്റി നിർത്താൻ പുതിയ ഫീച്ചർ സഹായിക്കും. വാട്സാപ്പിനുള്ളിൽ ഫോൺ നമ്പർ വച്ച് ഉപയോക്താവിനെ അന്വേഷിക്കുന്നതിനു പകരം യൂസർനെയിം ഉപയോഗിച്ച് സേർച്ച് ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നാണ് ഈ വാദം ഉയർത്തുന്നവർ വിശ്വസിക്കുന്നത്.




