റിയാദ്: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലുള്ള പ്രവാസി ഇന്ത്യക്കാരെ രക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയ ‘ഓപ്പറേഷൻ കാവേരി’ യുടെ പ്രവര്‍ത്തനങ്ങളില്‍ ഐവ (ഇന്ത്യന്‍ വെല്‍ഫയര്‍ അസോസിയേഷന്) യുടെ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുത്തു. ഇന്ത്യൻ എംബസ്സി, ജിദ്ദ കോൺസുലേറ്റ്, ഐ.പി.ഡബ്ലിയു.എഫ് എന്നിവയുടെ മേല്‍നോട്ടത്തില്‍ ഏപ്രില്‍ 24 മുതല്‍ 11 ദിവസം നീണ്ടുനിന്ന ദൗത്യത്തിലൂടെ നാലായിരത്തോളം ഇന്ത്യക്കാരാണ് ജിദ്ദ വഴി നാടണഞ്ഞത്. താമസ ക്യാമ്പ്, ജിദ്ദ എയര്‍പ്പോര്‍ട്ട് എന്നിവിടങ്ങളിലായിരുന്നു സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഒപ്പേറഷൻ കാവേരിയിൽ പങ്കെടുത്ത ‘ഐവ’ വളണ്ടിയർമാരെ പ്രത്യേക പരിപാടി സംഘടിപ്പിച്ച് ആദരിക്കുകയും ഉപഹാരങ്ങള്‍ വിതരണം നടത്തുകയും ചെയ്തു. ജോലിയാവശൃാര്ത്ഥം ജിദ്ദയില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന റഫീഖ് വള്ളിക്കുന്നിനു യോഗത്തില്‍ യാത്രയയപ്പും നല്കി.
ദിലീപ് താമരക്കുളം, ജരീര്‍ വേങ്ങര, ഹനീഫ പാറക്കല്ലില്‍, ഫൈസല്‍ അരിപ്ര, ഷാനവാസ് വണ്ടൂര്‍, നൗഷാദ് ഓച്ചിറ എന്നിവർ പ്രസംഗിച്ചു. റസാഖ് മാസ്റ്റര്‍ മമ്പുറം, മന്‍സൂര്‍ വണ്ടൂര്‍, നെസ്രിഫ് തലശ്ശേരി, ജൈസല്‍ തുടങ്ങിയവർ നേതൃത്വം നല്കി. സലാഹ് കാരാടൻ അധ്യക്ഷത വഹിച്ചു. എ.പി. അബ്ദുൽ ഗഫൂർ സ്വാഗതവും എം. എ.ആര്. നന്ദിയും പറഞ്ഞു. നജ്മുദ്ദീൻ ഖിറാഅത്ത് നടത്തി.




