താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തി; ഏഷ്യൻ സംഘം അറസ്റ്റിൽ

0
1410

അബുദാബി: താമസ സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. ഏഷ്യൻ വംശജരായ പ്രതികൾക്കെതിരെ ലഹരിമരുന്ന് കടത്തുക എന്ന ഉദ്ദേശ്യത്തോടെ കൃഷി ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ലഹരിമരുന്നിന്റെ കൃത്യമായ സ്വഭാവം പ്രോസിക്യൂഷൻ വെളിപ്പെടുത്തിയില്ല. എന്നാൽ, കഞ്ചാവ് ചെടികളുടേതാണെന്ന് കരുതുന്ന ഫോട്ടോ പുറത്തുവിട്ടു. 

കെട്ടിടത്തിലെ എയർ കണ്ടീഷനിങ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ഒരു താമസക്കാരൻ ലഹരിമരുന്ന് അടങ്ങിയ ചെടികളെന്ന് സംശയിക്കുന്ന ചില ചെടികൾ കണ്ടിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സംഘം അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി, ആറ് ചെടികളുള്ള ഒരു ‘പൂർണ സജ്ജീകരണമുള്ള ടെന്റ് നഴ്സറി’ കണ്ടെത്തി. 

ലഹരി മരുന്ന് കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങൾ സംഘം പിടിച്ചെടുത്തു. ഈ ആവശ്യത്തിനായി മാത്രമാണ് പ്രതികൾ അപ്പാർട്ട്മെന്റ് തയാറാക്കിയതെന്ന് അന്വേഷണ ഫലം സൂചിപ്പിക്കുന്നു. ലഹരിമരുന്ന് ചെടികൾ നട്ടുവളർത്തുന്നത് നിരോധിക്കുന്ന നിയമം അദ്ദേഹം ഉദ്ധരിച്ചു. അതേസമയം, ലഹരി കടത്തിയാലുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്.