മലപ്പുറം: വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരിൽ 9 പേർ ഒരു കുടുംബത്തിലേതെന്ന് സൂചന. മരണ സംഖ്യ 22 ആയി. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരിൽ പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. തിരച്ചിൽ തുടരുന്നു.
25 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 ലേറെ പേർ ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ നടന്നു വരുന്നു.
ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിദോസഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു.
പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. കാണാതായവർ ഇനിയും ഉണ്ടോ എന്നറിയാനാണ് തിരച്ചിൽ. എൻഡിആർഎഫും അഗ്നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സഹായം തേടി. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കുട്ടികൾ ഉൾപ്പെടാതെ 39 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് സൂചന.
താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.




