കൊണ്ടോട്ടി: കേരളത്തിൽ നിന്നുള്ള ആദ്യ ഹജ് വിമാനം ജൂൺ നാലിന് എട്ടരയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. കരിപ്പൂരിൽ ജൂൺ ഒന്നിന് ഹജ് ക്യാമ്പ് പ്രവർത്തനം തുടങ്ങും.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 170 പേരാണ് ആദ്യവിമാനത്തിൽ പുറപ്പെടുക.
തീർഥാടകരെ ജൂൺ മൂന്നിനാകും ക്യാമ്പിൽ പ്രവേശിപ്പിക്കുക. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജൂൺ ഏഴിനാകും ഹജ് വിമാനം പുറപ്പെടുക. നെടുമ്പാശ്ശേരിയിൽ നിന്ന് ഹജ്ജ് വിമാനം പുറപ്പെടുന്ന സമയം പ്രസിദ്ധീകരിച്ചിട്ടില്ല. കരിപ്പൂർ ഹജ് ക്യാമ്പിന്റെ ഈ വർഷത്തെ മുന്നൊരുക്കം തുടങ്ങി. ഹജ്ജിന് പുറപ്പെടുന്നരുടെ യാത്രക്ക് മുന്നോടിയായിട്ടാണ് കരിപ്പൂർ ഹജ് ഹൗസിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഹജ് ഹൗസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ സംഗമം എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ ബഹു. സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.




