പാകിസ്ഥാന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

പൂനെ: ചാരവൃത്തി ആരോപിച്ച് ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പ്രദീപ് കുരുല്‍ക്കര്‍ എന്ന ശാസ്ത്രജ്ഞനാണ് അറസ്റ്റിലായത് എന്നാണ് വിവരം. രഹസ്യ വിവരങ്ങള്‍ പാകിസ്ഥാൻ ഏജന്റിന് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. ബുധനാഴ്ചയായിരുന്നു ഇയാളെ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

ശാസ്ത്രജ്ഞന്‍ ഹണി ട്രാപ്പില്‍ പെടുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പദവി ദുരുപയോഗം ചെയ്ത് ശാസ്ത്രജ്ഞന്‍ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറിയെന്ന് എടിഎസ് അറിയിച്ചു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴി വോയ്‌സ് മെസേജുകളിലൂടെയും വീഡിയോ കോളുകളിലൂടെയും വിവരങ്ങള്‍ കൈമാറിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍.ഡിആര്‍ഡിഒയില്‍ നിന്ന് തന്നെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എടിഎസ് കേസെടുത്ത് അന്വേഷണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശാസ്ത്രജ്ഞനെ എടിഎസ് കസ്റ്റഡിയില്‍ വാങ്ങി.