ആഭ്യന്തര ഹജ്ജ് തീർഥാടകർക്ക് നാളെ മുതൽ പെർമിറ്റ് നൽകി തുടങ്ങും

റിയാദ്: ആഭ്യന്തര ഹാജിമാരുടെ പെർമിറ്റ് (തസ്‌രീഹ്) നാളെ മുതൽ ഇഷ്യു ചെയ്തു തുടങ്ങുമെന്ന് ഹജ് മന്ത്രാലയം. മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചവർക്കെല്ലാം നാളെ മുതൽ പെർമിറ്റുകൾ പ്രിന്റു ചെയ്യാനാകും.
ബുക്കിങ് നടപടികളും ഫീസും അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർണമായും പൂർത്തിയാക്കിവയർക്കാണ് അനുമതിപത്രം നൽകുക.

വ്യത്യസ്ത പാക്കേജുകളിലെ സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ദുൽഹജ് ഏഴുവരെ സീറ്റ് ബുക്ക് ചെയ്യാവുന്നതും പെർമിറ്റ് പ്രിന്റു ചെയ്യാവുന്നതുമായിരിക്കും. ഹജ് പെർമിറ്റ് ക്യാൻസലാകാതിരിക്കണമെങ്കിൽ ഹജ് തീരുന്നതുവരെ ഇഖാമയിൽ കാലാവധിയുണ്ടായിരിക്കണമെന്നും ഹജിനു പത്തുദിവസം മുമ്പായി കൊവിഡ്‌ വാക്‌സിനുകളും പ്രതിരോധ കുത്തിവെപ്പുകളും പൂർത്തീകരിച്ചിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത സമയങ്ങളിലായി ഹജ് മന്ത്രാലയം വിശദീകരണം നൽകിയിട്ടുണ്ട്.

രാജ്യത്തെ പൗരന്മാരും താമസക്കാരും ഫീസുകൾ അടക്കാത്തതിനാലോ ബുക്കിങ് റദ്ദാക്കിയതിനാലോ ഉണ്ടാകുന്ന ഒഴിവുകൾ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ‘നുസ്ക്’ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ ബുക്കിങ്ങിനായി വീണ്ടും പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.