ഭീകര സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചു; സഊദിയിൽ ഒരാളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: ഭീകര സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സഊദി പൗരനെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മിൻഹാൽ ബിൻ അബ്ദുല്ല അൽ റബ്ഹ് എന്ന ഭീകരനാണ് വധശിക്ഷ വിധിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇയാൾ സുരക്ഷാ വാഹനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തിരുന്നു.

കൂടാതെ, വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും കൈവശം വെക്കുകയും തീവ്രവാദികൾക്ക് ഇയാൾ അഭയം നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ പ്രതിക്കെതിരെയുള്ള ക്രിമിനൽ കുറ്റം തെളിയുകയും ക്രിമിനൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.

വധശിക്ഷ വിധിക്കാനുള്ള ക്രിമിനൽ കോടതിയുടെ തീരുമാനം അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും റോയൽ കോടതി വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തതിനെ തുടർന്നാണ് ചൊവ്വാഴ്ച കിഴക്കൻ പ്രവിശ്യയിൽ വിധി നടപ്പാക്കിയത്