ദുബൈ: വെടിനിർത്തൽ ലംഘിച്ച് ആക്രമണം തുടരുന്ന സുഡാനിൽ ലോകയാത്രയുടെ ഭാഗമായെത്തിയതാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മാഹീൻ ഷാ. കഴിഞ്ഞ ഒരുമാസമായി മാഹീൻ സുഡാനിലൂടെ യാത്രചെയ്യുകയായിരുന്നു. സുഡാനിലെ നോമ്പുകാലവും ഗ്രാമീണകാഴ്ചകളുമെല്ലാം വ്ളോഗർ കൂടിയായ മാഹീൻ അനുഭവിച്ചു, പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രസകരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെയാണ് കലഹം പൊട്ടിപ്പുറപ്പെട്ടത്. പിന്നെ കണ്ടത് വെടിവെപ്പും ബോംബാക്രമണവും പരിഭ്രാന്തരായ ജനങ്ങളെയുമായിരുന്നു. സുഡാന്റെ മനോഹാരിതയും ചുടലക്കളവും കാണാനായെന്ന് മാഹീൻ പറഞ്ഞു.
വാഹനങ്ങൾക്ക് കൈകാണിച്ച് അതിൽ യാത്രചെയ്യുന്ന ഹിച്ച് ഹൈക്കിങ് രീതിയിലാണ് മാഹീന്റെ യാത്ര. അങ്ങനെ 15 രാജ്യങ്ങൾ പിന്നിട്ട് ഈജിപ്ത് വഴി മാർച്ച് 12-നാണ് സുഡാനിലെത്തിയത്.
കൃത്യമായിപ്പറഞ്ഞാൽ പ്രശ്നങ്ങൾ ആരംഭിക്കുന്നതിനും രണ്ടുദിവസം മുൻപാണ് ഖാർത്തൂമിലെത്തിയത്. വളരെ സാഹസപ്പെട്ടാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും സാധാരണനിലയിലുള്ളതിനെക്കാൾ ഇരട്ടിശക്തിയിലാണ് ബോംബാക്രമണം തുടരുന്നത്.
മലയാളികുടുംബങ്ങളെല്ലാം ഏറെ ഭയപ്പെട്ട അവസ്ഥയിലാണ്. അവശ്യവസ്തുക്കളെല്ലാം തീർന്നുകൊണ്ടിരിക്കുകയാണ്. താമസിക്കുന്ന കെട്ടിടത്തിൽ മറ്റുപല രാജ്യങ്ങളിലെയും സഞ്ചാരികളുണ്ട്.
തൊട്ടടുത്തും ആക്രമണം ശക്തമാണെന്നും മാഹീൻ പറഞ്ഞു. ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ കടന്ന് സൗത്ത് അമേരിക്കയിലൂടെ യാത്രചെയ്യണമെന്നായിരുന്നു മാഹീന്റെ ആഗ്രഹം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




